വില്ലൻ ഒരു ബ്രില്ല്യന്റ് സിനിമ എന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ
മോഹൻലാൽ നായകനായ വില്ലൻ എന്ന ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷകാഭിപ്രായത്തോടെ ബോക്സ് ഓഫീസിൽ മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ആദ്യ മൂന്നു ദിവസം കൊണ്ട് ഏകദേശം പതിനൊന്നു കോടിയോളം രൂപ കേരളത്തിൽ നിന്ന് കളക്ഷൻ നേടിയ ഈ ചിത്രം പുലിമുരുകന് ശേഷം ഏറ്റവും വേഗത്തിൽ പത്തുകോടി കളക്ഷൻ നേടിയ മലയാള ചിത്രവുമായി മാറി. ബോക്സ് ഓഫീസ് പ്രകടനത്തോടൊപ്പം മികച്ച നിരൂപക പ്രശംസയും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
സിനിമ മേഖലയിൽ നിന്നുള്ള ഒരുപാട് ആളുകൾ വില്ലനെയും അതിലെ മോഹൻലാലിൻറെ വിസ്‍മയിപ്പിക്കുന്ന പ്രകടനത്തെയും അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ആ നിരയിൽ പുതിയതായി എത്തിയിരിക്കുന്നത് സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആണ്. വില്ലൻ ഒരു ബ്രില്ല്യന്റ് സിനിമയാണ് എന്ന് അദ്ദേഹം പറയുന്നു. ആദ്യാവസാനം തന്നെ ഏറെ ത്രില്ലടിപ്പിച്ച ഒരു ചിത്രമാണ് വില്ലൻ എന്ന് പറഞ്ഞ അദ്ദേഹം ചിത്രത്തിന്റെ മേക്കിങ് ശൈലിയെയും അഭിനന്ദിച്ചു.
എല്ലാ അഭിനേതാക്കളും നന്നായി അഭിനയിച്ചു എന്ന് പറഞ്ഞ അദ്ദേഹം എടുത്തു പറഞ്ഞു പ്രശംസിച്ചത് മാത്യു മാഞ്ഞൂരാൻ എന്ന പോലീസ് ഉദ്യോഗസ്ഥനായി എത്തിയ മോഹൻലാലിൻറെ പ്രകടനത്തെയാണ്. ആ കഥാപാത്രമായി തിരശീലയിൽ ജീവിക്കുകയായിരുന്നു മോഹൻലാൽ എന്നാണ് ഔസേപ്പച്ചൻ പറയുന്നത്. എല്ലാ പ്രേക്ഷകരും ഈ ചിത്രം പോയി കാണണം എന്നും, ഇതുപോലുള്ള ചിത്രങ്ങളുടെ വിജയം മലയാള സിനിമയിൽ കൂടുതൽ നല്ല ചിത്രങ്ങളുടെ വരവിനു കാരണമാകുമെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല മറ്റുള്ളവരുടെ അഭിപ്രായം കേട്ട് ഒരു സിനിമയ്ക്കു പോകാതെ സ്വന്തമായി കണ്ടു ഒരു സിനിമയെ വിലയിരുത്താനും അദ്ദേഹം പ്രേക്ഷകരോട് അഭ്യർഥിച്ചു.
വീഡിയോ കാണാം:
വില്ലനെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ പങ്കു വെച്ച് കൊണ്ട് നടൻ സിദ്ദിഖ്, സംവിധായകൻ സാജിദ് യഹിയ എന്നിവരും അതുപോലെ തന്നെ രൂപേഷ് പീതാംബരൻ, ഒമർ ലുലു എന്നിവരും ചിത്രത്തിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. അതേസമയം മികച്ച വിജയത്തിലേക്കാണ് ഈ ബി ഉണ്ണികൃഷ്ണൻ- മോഹൻലാൽ ചിത്രം കുതിക്കുന്നത്.