സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആവേശത്തിൽ മിന്നിത്തിളങ്ങി ‘വിക്രം’; റിവ്യൂ…

0

സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആവേശത്തിൽ മിന്നിത്തിളങ്ങി ‘വിക്രം’; റിവ്യൂ…

സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനഗരാജ് ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ഒരുക്കിയ ‘വിക്രം’ അവസാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. ആദ്യ പ്രതീക്ഷ ഈ കൂട്ട്കെട്ട് ആയിരുന്നു എങ്കിൽ അതിലേക്ക് വീണ്ടും പ്രതീക്ഷകൾ വർദ്ധിപ്പിച്ച പല കാര്യങ്ങളും ഒന്നൊന്നായി വന്നെത്തി. വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നീ താരങ്ങളുടെ സാന്നിധ്യം തൊട്ട് അതിഗംഭീര അഭിപ്രായങ്ങൾ നേടിയ ടീസറും ട്രെയിലറും ഗാനങ്ങളും വരെ ചിത്രത്തിന്റെ ഹൈപ്പ് വാനോളം ഉയർത്തി. അതോടൊപ്പം സൂപ്പർതാരം സൂര്യ കൂടി താരനിരയിലേക്ക് എത്തുന്നു എന്ന അഭ്യൂഹം കൂടി അണിയറപ്രവർത്തകർ ശരി വെച്ചപ്പോൾ ഹൈപ്പ് ഉയർന്നതിന് കണക്കില്ല എന്ന് പറയാം. ഇതൊന്നും കൂടാതെ, 1986ലെ ഇതേ പേരിൽ ഇറങ്ങിയ കമൽ ഹാസൻ ചിത്രത്തിനേയും അതേ പോലെ ലോകേഷിന്റെ കൈതിയേയും ബന്ധപ്പെടുത്തുന്ന ചിലത് ഈ ചിത്രത്തിൽ ഉണ്ടെന്ന ‘ഫാൻ തിയറികൾ’ കൂടി ചേർന്നപ്പോൾ പ്രേക്ഷകർ വളരെ ആകാംഷയോടെ ആണ് ചിത്രത്തിനെ കാത്തിരുന്നത്. ഇപ്പോളിതാ ചിത്രം ബിഗ് സ്ക്രീനിൽ എത്തിയിരിക്കുന്നു.

ഫാൻ തിയറികൾ പോലെ കൈതിയുമായും 86ലെ വിക്രം ചിത്രവുമായും അതി ശക്തമായ ബന്ധമുണ്ട്. കൈതിയിലെ സംഭവങ്ങളെ ചുറ്റിപറ്റി തന്നെയാണ് വിക്രമിലെ കഥയും പുരോഗമിക്കുന്നത്. കൈതിയിൽ കണ്ട ലോകത്തിന്റെ വിപുലീകരണം ആണ് വിക്രമിൽ കാണാൻ കഴിയുക. അതുകൊണ്ട് തന്നെ കാർത്തിയെ നായകനാക്കി ലോകേഷ് ഒരുക്കിയ ‘കൈതി’ എന്ന ചിത്രം ‘വിക്രം’ കാണുന്നതിന് മുൻപ് കണ്ടിരിക്കണം. ആരാധകർക്ക് ഏറ്റവും ആവേശം ഉണ്ടാക്കുന്നത് സിനിമാറ്റിക് യൂണിവേഴ്സ് യാഥാർഥ്യമാകുന്നു എന്നത് ആണ്.

പ്രപഞ്ചൻ (കാളിദാസ് ജയറാം) എന്ന രക്തസാക്ഷിയായ ഒരു പോലീസുകാരന്റെ പിതാവ് കർണ്ണൻ (കമൽ ഹാസൻ) കൊല്ലപ്പെടുന്നതിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. മുഖമൂടി ധരിച്ച ഒരു ഗ്രൂപ്പ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ഇതേ പോലെ ഒരു കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടാകുന്നു. ഇത്തരത്തിൽ അരങ്ങേറുന്ന ഈ കൊലപാതക പരമ്പരകളെ പറ്റി അന്വേഷിക്കാൻ പോലീസ് മേധാവി ജോസ് (ചെമ്പൻ വിനോദ്) അമറിന്റെ (ഫഹദ് ഫാസിൽ) നേതൃത്വത്തിൽ ഒരു ബ്ലാക്ക്‌ ഓപ്‌സ് ടീമിനെ രംഗത്തിറക്കുന്നു. കർണ്ണനെ കുറിച്ച് അന്വേഷിച്ചു അമർ ഇറങ്ങുന്നതും അയാളുടെ കണ്ടെത്തലുകളിലൂടെ ഓരോന്ന് വെളിപ്പെടുന്നതും ആണ് ചിത്രം പറയുന്നത്. അമറിന്റെ അന്വേഷണം കർണ്ണന്റെ പല പതിപ്പുകൾ ആണ് വെളിപ്പെടുത്തുന്നത്. ശരിക്കും ആരാണ് അയാൾ? മകന്റെ വിയോഗത്തിൽ മദ്യപാനിയായി മാറിയ ഒരാളോ, സ്ത്രീകളെ തേടി പോകുന്നവനോ? ശരിക്കും അയാൾ മരണപ്പെട്ടോ അതോ ജീവനോടെ ഉണ്ടോ? അമറിന്റെ അന്വേഷണങ്ങൾ സന്താനം എന്ന മയക്കുമരുന്ന് രാജാവിലേക്കും എത്തുന്നുണ്ട്. ‘കൈതി’യിൽ കണ്ട സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതെല്ലാം എങ്ങനെ ബന്ധപ്പെടുന്നു, കർണ്ണന് എന്താണ് സംഭവിച്ചത്. ആരാണ് വിക്രം എന്നതൊക്കെ പ്രേക്ഷകർ ചിത്രം കണ്ട് തന്നെ മനസിലാക്കണം.

ചിത്രത്തിലെ പ്രകടനത്തിലേക്ക് വന്നാൽ കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരേയ്ൻ, ചെമ്പൻ വിനോദ് ഉൾപ്പെടെ താരനിരയിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഒക്കെയും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. കമൽ ഹാസനെ പോലെ ഒരു ഇതിഹാസ താരത്തിന്റെ ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലിന് ലഭിച്ചത് ഏതൊരു അഭിനേതാവും ആഗ്രഹിക്കുന്ന ഒരു വേഷമാണ്. ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഫഹദ് ഫാസിലിലൂടെ ആണ് ചിത്രം നീങ്ങുന്നത്. വളരെ അസാധ്യമായ പ്രകടനം ആണ് താരത്തിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കമൽ ഹാസന്റെ കഥാപാത്രത്തിന് ആകട്ടെ വിവിധ പതിപ്പുകൾ ആണ് നൽകിയിരിക്കുന്നത്. അതിലൂടെ അദ്ദേഹം മനോഹരമായി സഞ്ചരിച്ചു പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. വൈകാരികമായ രംഗങ്ങളിലും അതേ പോലെ ആക്ഷൻ രംഗങ്ങളിലും എല്ലാം മികച്ചു നിൽക്കുന്നുണ്ട് അദ്ദേഹം.

സന്താനം എന്ന വില്ലന്റെ ക്രൂരത ഒക്കെയും ഭാവ പ്രകടനങ്ങളിലൂടെ കാട്ടി തരുന്ന വിജയ് സേതുപതിയും മിന്നും പ്രകടനം ആണ് കാഴ്ചവെച്ചിരിക്കുന്നത്. കൈതിയിലെ ബിജോയ് എന്ന കഥാപാത്രമായി ഒരിക്കൽ കൂടി നരേയ്ൻ തിളങ്ങി. ചിത്രത്തിൽ ഒരു സ്ത്രീ കഥാപാത്രത്തിന്റെ അസാധ്യ ആക്ഷൻ രംഗമുണ്ട്. പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ആ രംഗത്തിൽ ആ താരം (സസ്പെൻസ്) ഉഗ്രൻ പ്രകടനം ആണ് കാഴ്ചവെച്ചത്. ഒരുപക്ഷേ ഇനി വലിയ രീതിയിൽ ചർച്ചയാവുന്ന രംഗവും അതാകാം. അത് കണ്ട് തന്നെ വിലയിരുത്തുക. മലയാളത്തിന്റെ നടൻ ചെമ്പൻ വിനോദും അദ്ദേഹത്തിന്റെ ഭാഗം മികച്ചത് ആക്കി. പിന്നെ ഇതുവരെ കാണാത്ത ലുക്കിലും ഭാവത്തിലും ആണ് സൂര്യയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതിന്റെ തുടർച്ച ഇനി വിക്രം 3ൽ കാണാൻ പ്രേക്ഷകർ കാത്തിരിക്കും എന്നത് തീർച്ച.

കൈതിയിൽ കണ്ട അതേ ലോകം ഒന്ന് വിപുലീകരിച്ചു മികച്ചൊരു സിനിമാ അനുഭവം ആണ് ലോകേഷ് കനാഗരാജ് എന്ന സംവിധായകൻ സൃഷ്ടിച്ചിരിക്കുന്നത്. അതിന് ശക്തമായ പിന്തുണയുമായി അനിരുദ്ധ് രവിചന്ദ്രന്റെ സംഗീതം, പ്രത്യേകിച്ചു പശ്ചാത്തല സംഗീതം ഉണ്ട്. അതുകൊണ്ട് തന്നെ, കണ്ടിറങ്ങുന്ന പ്രേക്ഷകൻ ചിത്രത്തിന്റെ ഒഎസ്ടി തിരയും എന്നത് തീർച്ച. ബിഗ് സ്ക്രീനിൽ സീനുകളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട് അനിരുദ്ധിന്റെ സംഗീതം. ഗിരീഷ് ഗംഗാധരന്റെ ക്യാമറാ വർക്ക് താരങ്ങളുടെ ഭാവപ്രകടനങ്ങൾ കൃത്യമായ ക്ലോസപ്പുകളോടെ പകർത്തിയിട്ടുണ്ട്. സ്റ്റണ്ടുകളിൽ ആവേശം തീർക്കാൻ അൻമ്പ്അറിവ് മാസ്റ്റേഴ്സിന് സാധിച്ചു. എഡിറ്റർ ഫിലോമിൻ രാജും പ്രശംസ അർഹിക്കുന്നു.

ആകെ തുകയിൽ, ഹൈപ്പിനോട് നീതി പുലർത്താൻ ലോകേഷ് – കമൽ ടീമിന്റെ വിക്രമിന് സാധിച്ചു എന്ന് തന്നെ പറയാം. കൈതിയും വിക്രമും ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകുന്നതിന്റെ ആവേശം പറഞ്ഞറിയിക്കാൻ ആവാത്തത് ആണ്. അതിലേക്ക് സൂര്യ എന്ന സൂപ്പർതാരം കൂടി ചേരുമ്പോൾ ഇത് ഇനി ഈ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് പുതിയ ചിത്രങ്ങളും വരും. ‘വിക്രം 3’ ലേക്ക് ഉള്ള കാത്തിരിപ്പിലേക്ക് പ്രേക്ഷകരെ കൂട്ടി കൊണ്ട് പോയി ‘വിക്രം’ തൽക്കാലം നിർത്തിയത് അതിമനോഹരമായ സിനിമാ കാഴ്ച്ച സമ്മാനിച്ചു കൊണ്ട്.