തന്നെ വിസ്മയിപ്പിച്ച മോഹൻലാലിനെ വെച്ച് ഒരു ചിത്രം ചെയ്തില്ല; കാരണം വേണു പറയുന്നു
തന്നെ ഏറ്റവും അധികം അത്ഭുതപെടുത്തിയ നടൻ മോഹൻലാൽ ആണെന്ന് ഛായാഗ്രാഹകനും സംവിധായകനുമായ വേണു അഭിപ്രായപ്പെട്ടിരുന്നു. മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്ത വേണു മമ്മൂട്ടിയോക്കാപ്പം മുന്നറിയിപ്പും ഫഹദ് ഫാസിലിനൊപ്പം കാർബണും ചെയ്തു എന്നാൽ മോഹൻലാലിനെ വെച്ച് ഒരു ചിത്രം ഇതുവരെ ചെയ്തില്ല. 1998ൽ ദയ എന്ന മഞ്ജു വാര്യർ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ വേണു ഇതിനെ കുറിച്ച് പറയുന്നു:
‘അന്ന് മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ പറ്റിയിരുന്നേൽ തീർച്ചയായും ചെയ്തേനെ. ഇന്ന് മോഹൻലാൽ എങ്ങനെ വേണം എന്ന് തീരുമാനിക്കുന്നത് ഒരുകൂട്ടം ആളുകൾ ആണ്. ഫാൻസും അല്ലാത്തവരും ഒക്കെ ഉണ്ട്. അപ്പൊ അവരെ തൃപ്‌തിപ്പെടുത്തുന്ന രീതിയിൽ അവർക്ക് ഇഷ്ടമുള്ള സിനിമ ഉണ്ടാവണം. അങ്ങനത്തെ ഒരു സിനിമ ഇപ്പോൾ എന്റെ മനസ്സിൽ ഇല്ല.
മോഹൻലാലിലെ നടൻ ഇപ്പോഴും അതെ പോലെ ഉണ്ട് . എന്നാൽ മോഹൻലാൽ എങ്ങനത്തെ റോളുകൾ ചെയ്യണം എന്ന് മനസ്സിൽ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം ഒരുപാട് കൂടുകയും അവര് ഒരു സംഘടന ആകുകയും ചെയ്തു. ഇതിനെതിരെ പ്രവർത്തിക്കാൻ ഉള്ള യുദ്ധ നൈപുണ്യം എനിക്കില്ല.
ഇത് ആരുടേയും കുറ്റമല്ല. ഫാൻസിനെ കൊണ്ട് ലാലിന്റെ കരിയറിലും ഒക്കെ ഒരുപാട് സഹായം ഉണ്ടായിട്ടുണ്ട്. ഇല്ലെന്നു പറയാൻ പറ്റില്ലല്ലോ ധാരാളം ഉണ്ടായിട്ടില്ലേ. ലാൽ ആയാലും ഫാൻ ബേസ് ഉള്ള വേറെ ഏതു നടൻ ആയാലും ഇതിന്റെ കംഫോർട്ട്സ് അവര് അനുഭവിച്ചിട്ടുണ്ട് അതുപോലെ ആക്ടർ എന്ന നിലയിൽ ഫ്രീഡം ഒരുപാട് കുറഞ്ഞിട്ടും ഉണ്ട്.’