“നായകനായി മിഖായേൽ വില്ലന്റെ റീ-എൻട്രി”; ‘മാർകോ’ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ…

0

“നായകനായി മിഖായേൽ വില്ലന്റെ റീ-എൻട്രി”; ‘മാർകോ’ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ…

നിവിൻ പോളിയെ നായകനാക്കി 2019 ൽ ഹനീഫ് അദേനി ഒരുക്കിയ ‘മിഖായേൽ’ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായ മാർക്കോ ജൂനിയർ വീണ്ടും വരുന്നു. ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച ഈ കഥാപാത്രം നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ പേരും മാർക്കോ എന്നാണ്. മലയാള സിനിമയിൽ ആദ്യമായി ആണ് ഒരു വില്ലനെ കേന്ദ്രീകരിച്ച് ഒരു സ്പിൻ-ഓഫ് സിനിമ ഒരുങ്ങുന്നു. ആക്ഷൻ-പാക്ക്ഡ് എന്റർടെയ്നറുകൾക്ക് പേരുകേട്ട ഹനീഫ് അദേനി ഒരുക്കുന്ന ‘മാർക്കോ’യുടെ ഫാസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്.

മിഖായേലിൽ മാർക്കോയ്ക്ക് നൽകിയ ത്രില്ലിംഗ് തീം മ്യൂസിക്കിൽ സജ്ജീകരിച്ച മോഷൻ പോസ്റ്റർ ഒരു വാച്ചിന്റെ ആകർഷകമായ ക്ലോസപ്പോടെയാണ് ആരംഭിക്കുന്നത്. അത് സൂം ഔട്ട് ചെയ്യുമ്പോൾ, ഒരു സ്വർണ്ണ ബാറിൽ കൈ മുറുകെ പിടിക്കുന്ന ദൃശ്യമായി വികസിക്കുന്നു. ഞെട്ടിപ്പിക്കുന്ന തരത്തിൽ, കൈ അതിന്റെ ഉടമയിൽ നിന്ന് വേർപെടുത്തിയതായി വെളിപ്പെടുത്തുന്നു. അതിനടുത്തായി ഒരു വാൾ ആരോ പിടിച്ചിരിക്കുന്നതുപോലെ അനങ്ങുന്നു. ക്യാമറ ഉയരുമ്പോൾ, ഒരു സിഗരറ്റ് പിടിച്ച്, തീക്കനലിൽ മാത്രം ഫോക്കസ് ആയി ഔട്ട് ഓഫ് ഫോക്കാസിൽ മാർക്കോ പ്രത്യക്ഷപ്പെടുന്നു. ഇതാണ് മോഷൻ പോസ്റ്ററിൽ കാണാൻ കഴിയുന്നത്.

30 കോടി ബജറ്റിൽ ക്യൂബ്‌സ് എന്റർടെയ്ൻമെന്റാണ് ‘മാർക്കോ’ നിർമ്മിക്കുന്നത്. 2017-ൽ മമ്മൂട്ടി നായകനായ ‘ദ ഗ്രേറ്റ് ഫാദർ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും പിന്നീട് ‘മിഖായേൽ’ സംവിധാനം ചെയ്യുകയും ചെയ്ത ഹനീഫ് അദേനി ഇപ്പോൾ ആ ചിത്രത്തിലെ വില്ലൻ ‘മാർക്കോ’ യെ ഒരു ടൈറ്റിൽ കഥാപാത്രമായി സിനിമ ഒരുക്കുമ്പോൾ പ്രതീക്ഷ നിറയുകയാണ്. 2024 ൽ ചിത്രം തിയേറ്ററുകളിൽ എത്തും എന്ന വിവരം കൂടി മോഷൻ പോസ്റ്ററിൽ നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്.