പാളം തെറ്റാതെ ‘തീവണ്ടി’ പ്രേക്ഷക മനസ്സിലേക്ക് കുതിച്ചു പായുന്നു; റിവ്യൂ വായിക്കാം
പ്രേക്ഷകർ ഏറെ കാത്തിരുന്ന ‘തീവണ്ടി’ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. നവാഗത സംവിധായകൻ ഫെല്ലിനി സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് വിനി വിശ്വലാൽ ആണ്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ സന്തോഷ് ശിവൻ, ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, പ്രശസ്ത യുവ താരം ടോവിനോ തോമസ് ആണ് നായക വേഷത്തിൽ എത്തിയിരിക്കുന്നത്. ഈ ചിത്രം ആദ്യം പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തത് ഇതിന്റെ വ്യത്യസ്തമായ പോസ്റ്ററുകൾ വഴിയും പിന്നീട് പുറത്തു വന്ന മികച്ച ഗാനങ്ങളിലൂടെയുമായിരുന്നു.
ടോവിനോ തോമസ് അവതരിപ്പിക്കുന്ന ബിനീഷ് ദാമോദരൻ എന്ന കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്.ഒരു ചെയിൻ സ്മോക്കർ ആയ ബിനീഷിന്റെ ജീവിതത്തിലൂടെ ഒരു സോഷ്യൽ സറ്റയർ എന്നോ പൊളിറ്റിക്കൽ സറ്റയർ എന്നോ ഒക്കെ വിളിക്കാവുന്ന രീതിയിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. വിനി വിശ്വലാൽ എഴുതിയ തിരക്കഥക്കു ഏറ്റവും മനോഹരമായ രീതിയിലും റിയലിസ്റ്റിക് ആയ രീതിയിലും ദൃശ്യ ഭാഷ ചമച്ച ഫെല്ലിനി ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ അഭിനന്ദനം അർഹിക്കുന്നു. ഹാസ്യവും വൈകാരിക രംഗങ്ങളും എല്ലാം നിറഞ്ഞ ഈ ചിത്രത്തിൽ പ്രേക്ഷകനെ രസിപ്പിക്കാനുതകുന്ന ഘടകങ്ങൾ എല്ലാം തന്നെയുണ്ട്. അതേ സമയം തന്നെ വളരെ വ്യത്യസ്തമായ ശൈലിയിലും ഇതിന്റെ കഥ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് തീവണ്ടി പ്രേക്ഷകന് പുതുമ സമ്മാനിക്കുന്ന ഒരു ചിത്രമായി മാറുന്നത്. ഇതിലെ സംഭാഷണങ്ങളും വളരെയധികം മികച്ചു നിന്നു. പ്രേക്ഷകർക്ക് തങ്ങൾക്കു ചുറ്റുമുള്ള സമൂഹത്തിൽ നിന്നു കണ്ടെടുക്കാവുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ ആണ് ഈ ചിത്രത്തിൽ ഉള്ളത് എന്നത് ഈ ചിത്രത്തിലെ കഥാസന്ദര്ഭങ്ങൾക്കു നൽകിയ വിശ്വസനീയത വളരെ വലുതാണ്.
ടോവിനോ തോമസ് ഒരിക്കൽ കൂടി ഒരു നടനെന്ന നിലയിലുള്ള തന്‍റെ മുകളിലേക്കുള്ള വളർച്ച കാണിച്ചു തന്ന പെർഫോമൻസാണ് കാഴ്ച വെച്ചത്. ഓരോ കഥാപാത്രത്തെയും ഒന്നിനൊന്നു വ്യത്യസ്തമായി പ്രേക്ഷകർക്ക് ഫീൽ ചെയ്യുന്ന രീതിയിൽ പെർഫോം ചെയ്യാൻ ഈ നടന് കഴിയുന്നുണ്ട് എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയം. ടൊവീനോക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരും കയ്യടി നേടിയ ഈ ചിത്രത്തിൽ സുധീഷ്, സുരഭി ലക്ഷ്മി, ഷമ്മി തിലകൻ, വിജിലേഷ്, മുസ്തഫ എന്നിവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്.കൈലാസ് മേനോൻ ഒരുക്കിയ സംഗീതം ചിത്രത്തെ മനോഹരമാക്കിയപ്പോൾ ഗൗതം ശങ്കർ എന്ന ക്യാമറാമാൻ ഒരുക്കിയ ദൃശ്യങ്ങൾ ഈ ചിത്രത്തിൻറെ കഥ പറയുന്ന പശ്ചാത്തലത്തെ പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കുന്നതിന് ഒരുപാട് സഹായിച്ചു എന്ന് തന്നെ പറയാം. അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗ് മികവ് ഈ ചിത്രത്തിന് നൽകിയത് സാങ്കേതിക പൂർണ്ണതയും അതുപോലെ മികച്ച വേഗതയുമാണ്.
തീവണ്ടി വളരെ മികച്ച ഒരു വിനോദ ചിത്രമാണ്. എല്ലാ തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു റിയലിസ്റ്റിക് ആൻഡ് ക്ലാസ് എന്റെർറ്റൈനെർ എന്ന് വിളിക്കാവുന്ന ഈ ചിത്രത്തിൽ തമാശയും ആവേശവും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞു നിൽക്കുന്നു. പ്രേക്ഷകൻ കണ്ടു മടുക്കാത്ത രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്.