മമ്മൂട്ടിയുടെ ഭീഷ്മയിൽ ബോളിവുഡ് സൂപ്പർ നായിക തബുവും..
മമ്മൂട്ടി-അമൽ നീരദ് കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ഭീഷ്മ പർവ്വം പ്രേക്ഷകർ വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം ഈ കൂട്ട്കെട്ട് ഒന്നിക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്ന ഒരു കാരണം. ഈ ചിത്രത്തിൽ ഒരു ബോളിവുഡ് സൂപ്പർ നായിക കൂടി ഭാഗമാകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മറ്റാരുമല്ല, മലയാളത്തിലേക്ക് ഒരിക്കൽ കൂടി സാന്നിധ്യം അറിയിക്കുന്ന ആ ബോളിവുഡ് സൂപ്പർ നായിക തബു ആണ്. ഒരു മുഴുനീള വേഷത്തിലല്ല അതിഥി വേഷത്തിലാണ് തബു ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
മലയാളത്തിൽ മോഹൻലാലിന്റെ നായികയായി കാലാപാനിയിൽ തബു അഭിനയിച്ചിരുന്നു. ശേഷം കവർ സ്റ്റോറി, രാക്കിളിപാട്ട്, ഉറുമി എന്നീ ചിത്രങ്ങളിലൂടെയും മലയാളത്തിന്റെ ഭാഗമായി. തമിഴിൽ മമ്മൂട്ടിയും അജിത്തും നായകന്മാരായ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിൽ തബു ആയിരുന്നു അജിത്തിന്റെ നായിക. ഇത് ആദ്യമായാണ് തബു മലയാളത്തിൽ മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നത്.
ദേവദത്ത് ഷാജി തിരക്കഥ ഒരുക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വം ഒരു പീരിഡ് ക്രൈം ഡ്രാമ ആണ്. ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അനസൂയ, അഞ്ജലി എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സുഷിൻ ശ്യാം സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് വിവേക് ഹർഷൻ ആണ്. ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ.