സുവർണ്ണപുരുഷൻ: ലാലേട്ടന്‍ ആരാധകരുടെ കഥ പറയുന്ന ഒരു ചിത്രം കൂടി ചിത്രീകരണം ആരംഭിച്ചു!

0

ഇന്ദ്രജിത്ത്- മഞ്ജു വാര്യര്‍ ടീമിന്‍റെ “മോഹന്‍ലാല്‍” എന്ന ചിത്രം കൂടാതെ “മോഹന്‍ലാല്‍ ആരാധകരുടെ കഥ” പറയുന്ന മറ്റൊരു ചിത്രം കൂടി ചിത്രീകരണം ആരംഭിച്ചു. പൂര്‍ണമായും ഇരിങ്ങാലക്കുടയില്‍ ചിത്രീകരിക്കുന്ന ചിത്രം സുവര്‍ണ്ണപുരുഷന്‍ സംവിധാനം ചെയ്യുന്നത് സുനിൽ പൂവേലി ആണ്.

മോഹൻലാൽ എന്ന ഈ പേര് മലയാളികൾക്ക് വെറുമൊരു സിനിമാ നടന്റെ പേര് മാത്രമല്ല എന്ന് പല തവണ നമുക്ക് മുന്നിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരവും ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാള്‍ എന്നതിലുപരി മോഹൻലാൽ എന്ന വ്യക്തി മലയാളികളുടെ വികാരവും ശീലവും മനസ്സുമൊക്കെയാണ്.

മോഹൻലാൽ കഥാപാത്രങ്ങൾ സ്വാധീനിക്കാത്ത, മോഹൻലാലിനെ ഒരിക്കൽ എങ്കിലും അനുകരിക്കാത്ത മലയാളികൾ ഇല്ല എന്ന് തന്നെ പറയാം. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ലാലേട്ടാ എന്ന് വിളിക്കുന്ന, അമ്മമാരുടെ പ്രീയപ്പെട്ട മകനും സഹോദരിമാരുടെയും കുട്ടികളുടെയും ആരാധകരുടെയും പ്രീയപ്പെട്ട ലാലേട്ടനും ഒക്കെയായി മോഹൻലാൽ കഴിഞ്ഞ നാൽപ്പതോളം വർഷങ്ങൾ ആയി മലയാള സിനിമയിൽ അതിരും എതിരും ഇല്ലാത്ത ആകാശം കണക്കെ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോൾ ഇതാ മോഹൻലാൽ എന്ന ആ വികാരത്തെ ആസ്പദമാക്കി ചിത്രങ്ങൾ തന്നെ വന്നു തുടങ്ങി. ആ ശ്രേണിയിൽ വരുന്ന പുതിയ ചിത്രമാണ് “സുവർണ്ണപുരുഷൻ”.

 

 

“ഒരു ദേശം… ഒരു താരം” ടാഗ് ലൈനോടെ സുവർണ്ണപുരുഷൻ എന്ന പേരിൽ വരുന്ന ഈ ചിത്രം പൂർണമായും ഇരിങ്ങാലക്കുടയിൽ ചിത്രീകരിക്കുന്ന ചിത്രമാണ്. മോഹൻലാൽ ഫാൻസിന്റെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. നവാഗത സംവിധായകൻ സുനിൽ പൂവേലി കഥയും, തിരക്കഥയും, സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് JL ഫിലിംസിന്‍റെ ബാനറിൽ, ലിറ്റി ജോർജ് & ജീസ് ലാസർ എന്നിവർ ആണ്.

ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാവരും ലാലേട്ടൻ ഫാൻസ് ആയി വരുന്ന പശ്ചാത്തലത്തിൽ നിന്ന് കൊണ്ട് കഥ പറയുന്ന ഈ ചിത്രം നർമ്മത്തിലൂടെ നമ്മുടെ സമൂഹത്തിൽ നടക്കുന്ന ചില സംഭവങ്ങളും അതിൽ സമൂഹം കാണിക്കുന്ന ഇരട്ട താപ്പിനെ കുറിച്ചും പറയാൻ ശ്രമിക്കുന്നു.

സുവർണ്ണപുരുഷന്‍റെചിത്രീകരണം സെപ്റ്റംബര്‍ 15ന് ആരംഭിച്ചു. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തില്‍ ഇരിങ്ങാലക്കുടയില്‍ നരസിംഹം റീ-റിലീസിനൊപ്പമായിരുന്നു ചിത്രത്തിന്‍റെ ടൈറ്റില്‍ ലോഞ്ച്. സെപ്റ്റംബര്‍ 15ന് അതെ  ഇരിങ്ങാലക്കുടയില്‍ പുലിമുരുകന്‍ റിലീസ് ചിത്രീകരിച്ച് കൊണ്ട് ചിത്രീകരണവും ആരംഭിച്ചു.

ചിത്രീകരണത്തിനായി മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ ഇരിങ്ങാലക്കുടയില്‍ റിലീസ് ചെയ്തിരുന്നു.

ഇന്നസെന്റ്, ശ്രീജിത് രവി, സുനിൽ സുഗത, മനു, കലാഭവൻ ജോഷി, കലിംഗ ശശി, ബിജുക്കുട്ടൻ, കോട്ടയം പ്രദീപ്, സതീശ് മേനോൻ,യഹിയ കാദർ, ബിജു കൊടുങ്ങല്ലൂർ, രാജേഷ് തംബുരു, ജയേഷ്, ഇടവേള ബാബു, ലെന, അഞ്ജലി, കൊളപ്പുള്ളി ലീല എന്നിവരെ കൂടാതെ 60 ളം പുതുമുഖങ്ങൾ കൂടി ഈ ചിത്രത്തിലെ അഭിനേതാക്കളുടെ നിരയുടെ ഭാഗമാകും.

നീതു എസ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുന്നത് വിഷ്ണു വേണുഗോപാൽ ആണ്.

ക്രിസ്മസ് റിലീസ് ആയി ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയും എന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here