ആരാധകര്‍ക്ക് ആവേശമേകാന്‍ അടുത്ത വർഷം ‘ആട് തോമ’ വീണ്ടും വരുന്നു!
മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിച്ചിട്ടുള്ള, ഇപ്പോഴും ആഘോഷിക്കുന്ന മാസ്സ് കഥാപാത്രങ്ങളിൽ ഏറെയും മോഹൻലാൽ ചിത്രങ്ങളിലേതാണ്. വിൻസെന്റ് ഗോമസും, സാഗർ ഏലിയാസ് ജാക്കിയും , മംഗലശ്ശേരി നീലകണ്ഠനും, ആട് തോമയും, കണിമംഗലം ജഗനാഥനും , പൂവള്ളി ഇന്ദുചൂഡനും, മംഗലശ്ശേരി കാർത്തികേയനും, മുള്ളൻകൊല്ലി വേലായുധനുമെല്ലാം അങ്ങനെ ആഘോഷിക്കപ്പെടുന്ന മാസ്സ് കഥാപാത്രങ്ങൾ ആണ്. പക്ഷെ ഇതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മാസ്സ് കഥാപാത്രം ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു, ആട് തോമ എന്ന തോമസ് ചാക്കോ. ഒരുപക്ഷെ മലയാള സിനിമയിൽ തന്നെ ഇത്രയധികം ആരാധകർ ഉള്ള മാസ്സ് ഹീറോ വേറെ ഉണ്ടാവില്ല. 1995-ൽ ഭദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സ്ഫടികം എന്ന ബ്ലോക്ക്ബസ്റ്റർ വിജയം മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയത് ആട് തോമയിലൂടെയാണ്.
മോഹൻലാലിൻറെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രത്തിലേത്. ഒപ്പം തിലകനും കെ പി എ സി ലളിതയും ഉർവശിയും ശ്രീരാമനും, നെടുമുടി വേണുവും, സ്ഫടികം ജോര്ജും, രാജൻ പി ദേവും, കരമന ജനാർദ്ദനൻ നായരും, എൻ എഫ് വർഗീസുമെല്ലാം മിന്നി തിളങ്ങിയ ചിത്രം. അടുത്ത വർഷം സ്ഫടികം ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഡിജിറ്റൽ ഫോർമാറ്റിൽ കേരളത്തിലെ അൻപതിലധികം സ്‌ക്രീനുകളിൽ ഈ ചിത്രം റീ റിലീസ് ചെയ്തു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. സംവിധായകൻ ഭദ്രൻ തന്നെയാണ് ഈ കാര്യം സ്ഥിതീകരിച്ചത്.
സ്ഫടികത്തിന്‍റെ രണ്ടാം ഭാഗം ഒരിക്കലും ചെയ്യില്ല എന്നും ഭദ്രൻ പറയുന്നു. തനിക്ക് മാത്രമല്ല ആർക്കും സ്ഫടികത്തിന്‍റെ രണ്ടാം ഭാഗം സൃഷ്ടിക്കാൻ കഴിയില്ല എന്നാണ് ഭദ്രൻ പറയുന്നത്. എത്ര കോടി തരാം എന്ന് പറഞ്ഞാലും സ്ഫടികത്തിന് ഒരു രണ്ടാം ഭാഗം താൻ ഒരുക്കില്ല എന്നും മോഹൻലാലും തിലകൻ ചേട്ടനും തമ്മിലുള്ള അസാമാന്യ കെമിസ്ട്രി ആയിരുന്നു സ്ഫടികത്തിന്‍റെ വിജയ രഹസ്യം എന്നും ഭദ്രൻ പറയുന്നു. ഇപ്പോൾ മോഹൻലാലിനെ നായകനാക്കി ഒരു ത്രില്ലിംഗ് റോഡ് മൂവി ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണ് ഭദ്രൻ.
വായിക്കാം: ഭദ്രന്‍ ചിത്രത്തില്‍ ഉശിരുള്ള ലോറി ഡ്രൈവര്‍ ആകാന്‍ മോഹന്‍ലാല്‍