രൺബീർ – സഞ്ജയ് ഏറ്റുമുട്ടലും ബ്രഹ്മാണ്ഡ കാഴ്ചകളും; ‘ഷംഷേര’ ട്രെയിലർ

0

രൺബീർ – സഞ്ജയ് ഏറ്റുമുട്ടലും ബ്രഹ്മാണ്ഡ കാഴ്ചകളും; ‘ഷംഷേര’ ട്രെയിലർ

റിലീസിന് നിരവധി കാലതാമസം നേരിട്ട ബോളിവുഡിന്റെ പാൻ ഇന്ത്യൻ ചിത്രമായ ‘ഷംഷേര’ ജൂലൈ 22ന് ബിഗ് സ്ക്രീനിൽ എത്താൻ തയ്യാറായി കഴിഞ്ഞു. രൺബീർ കപൂർ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കരൺ മൽഹോത്ര ആണ്. നിമ്മാതാക്കളയാ യാഷ് രാജ് ഫിലിംസിന്റെ 50 വർഷത്തിന്റെ ആഘോഷം കൂടി ആയാണ് ചിത്രം റിലീസിന് തയ്യാറായിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ നേടിയ ടീസറിന് ശേഷം ഷാംഷേരയുടെ ട്രെയിലർ ഇന്ന് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്.

സാങ്കൽപ്പിക നഗരമായ കാസയിൽ 1800 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. അടിമയായ ഒരു മനുഷ്യൻ നേതാവായും ഗോത്രത്തിന്റെ ഇതിഹാസമായും മാറുന്ന കഥയുമായി ആണ് ഷംഷേര എത്തുന്നത്. അച്ഛനും മകനുമായി രണ്ട് വേഷങ്ങളിൽ രൺബീർ അഭിനയിക്കുന്ന ചിത്രത്തിൽ വില്ലനായി എത്തുന്നത് സഞ്ജയ് ദത്ത് ആണ്.

2018ല്‍ പുറത്തിറങ്ങിയ ‘സഞ്ജു’വിന് ശേഷം ‘ഷംഷേര’ എന്ന ഈ ചിത്രത്തിലൂടെ ആണ് രൺബീർ കപൂര്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചുവരുന്നത്. ശേഷം, അയൻ മുഖർജി സംവിധാനം ചെയ്ത രൺബീർ ചിത്രം ബ്രഹ്മാസ്ത്ര സെപ്റ്റംബറിൽ എത്തും. ഷംഷേരയ്ക്കും ബ്രഹ്മാസ്ത്രയ്ക്കും പുറമെ സന്ദീപ് റെഡ്ഡി വംഗയുടെ അനിമലും ലവ് രഞ്ജൻ ചിത്രവും അദ്ദേഹത്തിന്റെ ലൈനപ്പില്‍ ഉണ്ട്.

മുമ്പ് ബ്രദേഴ്‌സ്, അഗ്നിപഥ് എന്നീ ചിത്രങ്ങൾ ഒരുക്കിയ കരൺ മൽഹോത്രയാണ് ഷംഷേര സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ജൂലൈ 22 ന് റിലീസ് ചെയ്യും. കോവിഡ് -19 പാൻഡെമിക് കാരണം സിനിമ ഒന്നിലധികം തവണ റിലീസ് മാറ്റിവെച്ചിരുന്നു. 2019 ഡിസംബറിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രമാണ് ഇത്. ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം റിലീസിന് തയ്യാറായിരിക്കുന്നത്.