സേതുരാമയ്യർ സിബിഐ അഞ്ചാം ഭാഗത്തിന്‍റെ തിരക്കഥ പൂർത്തിയായി; ഇനി വേണ്ടത് മമ്മൂട്ടിയുടെ ഡേറ്റ്!
പ്രശസ്ത സംവിധായകൻ കെ മധു മമ്മൂട്ടിയെ നായകനാക്കി ഒരു സി ബി ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്‍റെ അഞ്ചാം ഭാഗം ഒരുക്കി കൊണ്ട് തിരിച്ചെത്തുന്നു എന്ന് മുന്‍പ് പലതവണ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പല കാരണങ്ങൾ കൊണ്ട് നീണ്ടു നീണ്ടു പോവുകയാണ്. ഇപ്പോൾ ലഭിക്കുന്ന വിവര പ്രകാരം എസ് എൻ സ്വാമി ചിത്രത്തിന്‍റെ തിരക്കഥ പൂർത്തിയാക്കി കഴിഞ്ഞു. നിർമ്മാതാക്കളും റെഡി ആണ്. പക്ഷെ മമ്മൂട്ടി ഒരു ഫൈനൽ തീരുമാനം പറയാത്തത് കാരണം ആണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് വൈകുന്നത് എന്നാണ് സംവിധായകൻ കെ മധു പറയുന്നത്.
അടുത്ത വർഷം ഓഗസ്റ്റ് മാസത്തിൽ തന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ മാർത്താണ്ഡ വർമ്മ തുടങ്ങാൻ പ്ലാൻ ചെയ്യുന്ന കെ മധു, അതിനു മുൻപേ സി ബി ഐ അഞ്ചാം ഭാഗം തീർക്കാൻ കഴിയും എന്ന വിശ്വാസത്തിൽ ആണ്. പക്ഷെ മറ്റു ചിത്രങ്ങളുടെ തിരക്കിൽ ആയ മമ്മൂട്ടി ഡേറ്റ് നൽകാത്തത് കൊണ്ടാണ് ഇത് വൈകുന്നത്. എസ് എൻ സ്വാമി തന്നെ തിരക്കഥയൊരുക്കിയ ഈ ചിത്രം ചില റിയൽ ലൈഫ് സംഭവങ്ങളെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത് എന്നാണ് സൂചനകൾ പറയുന്നത്. അതുപോലെ തന്നെ കഴിഞ്ഞ ഭാഗങ്ങളിലെ പോലെ മുകേഷ് ഈ ചിത്രത്തിന്‍റെ ഭാഗമായിരിക്കില്ല എന്നും വിവരങ്ങൾ ലഭിക്കുന്നുണ്ട്.
മുകേഷിന് പകരമായി ഒരു പ്രധാന കഥാപാത്രത്തെ രഞ്ജി പണിക്കർ ആയിരിക്കും അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു സിബി ഐ ഡയറികുറിപ്പ് , ജാഗ്രത, സേതു രാമയ്യർ സി ബി ഐ, നേരറിയാൻ സി ബി ഐ എന്നിവയാണ് ഈ സീരിസിൽ ഉള്ള മറ്റു നാല് ചിത്രങ്ങൾ. ഇതിൽ ഒന്നാമത്തെയും മൂന്നാമത്തെയും ഭാഗങ്ങൾ വിജയം നേടിയപ്പോൾ രണ്ടാം ഭാഗമായ ജാഗ്രതയും നാലാം ഭാഗമായ നേരറിയാൻ സി ബി ഐയും ബോക്സ് ഓഫീസിൽ പരാജയം നേരിട്ടിട്ടിരുന്നു. നാലാം ഭാഗത്തിന്‍റെ പരാജയം കാരണം ആണ് അഞ്ചാം ഭാഗം ആലോചിക്കാൻ ഇത്ര അധികം സമയം എടുത്തത് എന്നാണ് വാർത്തകൾ പറയുന്നത്.