പൃഥ്വിരാജിന്‍റെ കാളിയനൊപ്പം ‘കട്ടപ്പ’ ഉണ്ടാകും!
പൃഥ്വിരാജ് തന്‍റെ ബ്രഹ്മാണ്ട ചിത്രം ‘കാളിയന്‍’ പ്രഖ്യാപിച്ചു കഴിഞ്ഞു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും പുറത്തു ഇറക്കിയിരുന്നു. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ബി ടി അനിൽകുമാർ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിനോപ്പം അണിനിരക്കുന്ന താര നിരയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഒരു താരത്തിന്‍റെ സാന്നിധ്യം അണിയറ പ്രവര്‍ത്തകര്‍ ഉറപ്പു പറഞ്ഞിരിക്കുക ആണ്.
ബാഹുബലി എന്ന ബ്രഹ്മാണ്ട ചിത്രത്തില്‍ ‘കട്ടപ്പ’ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ മനസ് കവര്‍ന്ന സത്യരാജ് ഒരു പ്രധാന വേഷത്തില്‍ കാളിയനില്‍ ഉണ്ടാകും എന്ന് ഉറപ്പായിരിക്കുന്നു. കുഞ്ചിറക്കോട്ട് കാളിയൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോള്‍ സത്യരാജ് ചെയ്യാന്‍ പോകുന്ന വേഷം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
കട്ടപ്പ പോലെ മറ്റൊരു അതിശക്തമായ കഥാപാത്രത്തെ തന്നെ സത്യരാജ് അവതരിപ്പിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.
അതെ സമയം മോഷന്‍ ടീസറിലെ കാളിയന്‍റെ ഡയലോഗ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കാളിയന്‍റെ ഡയലോഗ് ഇതായിരുന്നു:
‘അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്പിച്ചോളൂ.പത്തുക്ക് ഒന്നോ നൂറുക്കൊന്നോ. പക്ഷെ തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ കാളിയന്‍’
ഇതില്‍ പരാമര്‍ശിക്കുന്ന ഇരവിയുടെ വേഷത്തില്‍ ആണോ സത്യരാജ് എത്തുന്നത് എന്നാണ് അനുമാനം. ഏതായാലും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും എന്ന് പ്രതീക്ഷിക്കാം.