in ,

പൈസ വസൂൽ ആയോ ഈ മൾട്ടി സ്റ്റാർ ആക്ഷൻ ഡ്രാമ; ‘ആർആർആർ’ റിവ്യൂ…

പൈസ വസൂൽ ആയോ ഈ മൾട്ടി സ്റ്റാർ ആക്ഷൻ ഡ്രാമ; ‘ആർആർആർ’ റിവ്യൂ…

ബാഹുബലിയ്ക്ക് ശേഷം എസ് എസ് രാജമൗലി വീണ്ടുമൊരു സംവിധാന സംരംഭവുമായി എത്തുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ്. മൾട്ടി സ്റ്റാർ മാസ്സീവ് ഇന്റൻസ് ആക്ഷൻ ചിത്രമായ ‘ആർആർആർ’ അത്തരത്തിൽ ഒരു ചിത്രം തന്നെയാണ്. രാം ചരണിന്റെയും ജൂനിയർ എൻ ടി ആറിന്റെയും താര പരിവേഷം മികച്ച രീതിയിൽ തന്നെ രാജമൗലി കൂട്ടി യോജിപ്പിച്ചിട്ടുണ്ട്. രാജമൗലി സ്പെഷ്യൽ മാസ് മേക്കിങ്ങ് ആണ് ആർആർആറിനെ എന്റർടൈൻമെന്റ് ആക്കുന്നത്.

മൂന്ന് ഏട് ആയിട്ട് ആണ് തുടക്കത്തിൽ സിനിമയുടെ കഥ പറഞ്ഞു തുടങ്ങുന്നത്. ദ് സ്റ്റോറി, ദ് ഫയർ പിന്നെ ദ് വാട്ടർ. ഇങ്ങനെ മൂന്ന് ഏടിൽ കൂടി കഥ പറഞ്ഞ് പ്രധാന ടൈറ്റിൽ ആർആർആർ എന്ന് തെളിയുമ്പോൾ സിനിമയുടെ പ്രധാന പ്ലോട്ട് പ്രേക്ഷകന് കൃത്യമായി അനുഭവവേദ്യമാകുന്നുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിൽ ആണ് സിനിമയുടെ കഥ മുഴുവൻ നടക്കുന്നത്. അത് കൊണ്ട് തന്നെ ബ്രിട്ടീഷ് അധിനിവേശത്തിന് എതിരെയുള്ള ഇന്ത്യൻ പോരാട്ടം ആണ് സിനിമയുടെ മുഖ്യ പ്രമേയം. കൃത്യമായ അളവിൽ മാസും ഇന്റൻസ് ഇമോഷൻസും രാജമൗലി ലയിച്ചു ചേർത്തപ്പോൾ മൂന്ന് മണിക്കൂറിന് മുകളിൽ ഉള്ള ഈ സിനിമാ കാഴ്ച ഒരേ സമയം എന്റർടൈൻമെന്റും ഇമോഷണലും ആയി മാറുന്നുണ്ട്.

രാമരാജു എന്ന കഥാപാത്രമായി രാം ചരണും കോമരം ഭീം എന്ന കഥാപാത്രമായി ജൂനിയർ എൻടിആറും എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ അജയ് ദേവ്ഗൺ, സമുദിരക്കനി, അലിയ ഭട്ട് തുടങ്ങിയവരും പിന്നെ ഒരു കൂട്ടം വിദേശതാരങ്ങളും അണിനിരന്നിട്ടുണ്ട്. രാമും ഭീമും ആയി രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും കിടിലൻ പെർഫോമൻസ് സിനിമയിൽ ഉടനീളം കാണാം. രണ്ടുപേർക്കും കൃത്യമായി സ്ക്രീൻ സ്പേസ് രാജമൗലി കൊടുത്തിട്ടുണ്ട്. ഒരേ സമയം രണ്ട് പേരുടെയും പെർഫോമൻസ് മാസീവും ഇന്റൻസും ആണ്. ഇമോഷണൽ രംഗങ്ങൾ ഉൾപ്പെടെയുള്ള രംഗങ്ങൾ രണ്ട് പേരും ഒരു പോലെ അതിഗംഭീരമായി ചെയ്തിട്ടുണ്ട്. ബോഡി ലാംഗ്വേജിലും രണ്ട് പേരുടെ ശരീരമികവ് സിനിമയിൽ ധാരാളം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ആക്ഷൻ രംഗങ്ങൾ ഒക്കെയും ഇമ്പാക്ടഫുൾ ആകുന്നു. എക്സഗ്ഗ്രെകഷൻ ആക്ഷൻ രംഗങ്ങൾ സിനിമയിൽ ഒരുപാട് ഉണ്ട് എന്നിരുന്നാലും അതൊന്നും ആസ്വാദനത്തിന് ഒരു തടസ്സമേ അല്ല.

അജയ് ദേവഗണിന്റെ അതിഥി വേഷം ഒരുപാട് മികച്ചത് ആയിരുന്നു. സിനിമയുടെ കഥയിൽ വളരെയേറെ പ്രാധാന്യമേറിയ ഒരു വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. സമുദിരക്കനിയുടെ പ്രകടനവും കൊള്ളാം. ആലിയ ഭട്ട് മുഴുനീള വേഷത്തിൽ അല്ല എത്തിയത്, എന്നിരുന്നാലും സീത എന്ന കഥാപാത്രത്തിന് ഒരു ഡീസന്റ് പെർഫോമൻസ് നൽകാൻ അവർക്ക് ആയിട്ടുണ്ട്.

സിനിമ മൊത്തത്തിൽ രാം ചരൺ – ജൂനിയർ എൻടിആർ തോളിൽ തന്നെയാണ് എന്ന് പറയാം. അവരുടെ സൗഹൃദം, കോൺഫ്ലിക്ട്, ആക്ഷൻ, ഡാൻസ്, ഇമോഷൻസ് ഒക്കെ തന്നെ ആണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. ഒരിക്കലും ഒരിടത്തും അവർ പതറിയിട്ടില്ല, പതറാൻ സമ്മതിച്ചിട്ടില്ല രാജമൗലി.

കീരവാണിയുടെ ബിജിഎം കൂടി ചേരുമ്പോൾ മൾട്ടി സ്റ്റാർ പെർഫോമൻസിന് മാസീവ് ഇമ്പാക്റ്റ് ആണ് കൈവന്നത്. ബിജിഎം തീയേറ്റർ കാഴ്ചയിൽ തരുന്ന രോമാഞ്ചത്തിന് പരിധിയെ ഇല്ല. ഇൻട്രോ ആയാലും, ഇന്റർവെൽ ഭാഗം ആയാലും, ക്ലൈമാക്സ്‌ ആയാലും ഒക്കെ ബിജിഎം പ്രേക്ഷകരെ ത്രസിപ്പിക്കുന്നുണ്ട്. ഇമോഷണൽ തലങ്ങളിൽ ഉൾപ്പെടെ ബിജിഎം വഹിച്ച പങ്ക് വളരെ വലുതാണ്. സ്കോറുകൾ കൂടാതെ ഗാനങ്ങളിലേക്ക് വന്നാലും കീരവാണി മികവുറ്റത് ആക്കിയിട്ടുണ്ട്. നാട്ടു സോങ് പ്രേക്ഷകരെ ത്രസിപ്പികുന്നു. അതിലെ ഡാൻസ് സ്റ്റെപ്സും പാട്ടുമൊക്കെ തീയേറ്റർ കാഴ്ച്ചയിൽ സെലിബ്രേഷൻ മോഡ് സമ്മാനിക്കുന്നുണ്ട്. Natpu സോങ് സൗഹൃദത്തിന്റെ മാസ്മരിക കാഴ്ച്ചകളുടെ ഇമ്പാക്ട് ആവോളം തരുന്നുണ്ട്. ജനനി, രാമം രാഘവം, ഏതുക ചെണ്ട ഉൾപ്പെടെ സിനിമയുടെ മൊത്തത്തിലുള്ള മ്യൂസിക്കൽ ആൽബം കിടിലൻ ഇമ്പാക്ട് ആണ് സിനിമയിൽ ഉളവാകുന്നത്. കെ. കെ സെന്തിൽ കുമാറിന്റെ ക്യാമറ, സാബു സിറിലിന്റെ കലാ സംവിധാനം. ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് ഉൾപ്പെടെ സിനിമയുടെ ടെക്നിക്കൽ സൈഡ് ഒക്കെ രാജമൗലി സിനിമയുടെ സ്ഥിരം കിടിലൻ ഘടകങ്ങൾ പോലെ ഈ സിനിമയിലും മികച്ചത് ആയിട്ടുണ്ട്.

സ്വാതന്ത്ര്യ വിപ്ലവകാരികൾ ആയ അല്ലൂരി ശ്രീരാമ രാജുവിനും കൊമരം ഭീമിനും ഉള്ള സമർപ്പണം കൂടിയാണ് ഈ സിനിമ. അതിൽ മാസ്സ് സിനിമയുടെ രസകൂട്ടു അതിവിദഗ്ദമായി രാജമൗലി കൂട്ടി ചേർത്തിട്ടുണ്ട്. മൂന്ന് R ആണ് ഈ സിനിമയുടെ പ്രധാന ചാലകശക്തികള്‍ – ‘R’ajamouli, ‘R’am Charan, N. T ‘R’amarao Jr. ഈ മൂന്ന് R, Rise Revolt Roar ആയും Rudhiram Ranam Raudhiram ആയും കൂടി പ്രതിനിധീകരിക്കുകയും അതിന്‍റെ ഇമ്പാക്ട് പ്രേക്ഷകനിലേക്ക് പകരുകയും ചെയ്യുമ്പോള്‍ ആര്‍ആര്‍ആര്‍ സമ്മാനിക്കുന്നത് മികച്ചൊരു സിനിമാനുഭവം ആണ്. മൂന്ന് മണിക്കൂർ ആസ്വദിച്ചു കാണാവുന്ന പൈസ വസൂല്‍ ആവുന്നൊരു ബ്രഹ്മാണ്ഡ ചിത്രമാണ് ഇതെന്ന് നിസംശയം പറയാം.

RRR Movie Review | Reviewed by AR Sreejith for Newscoopz

‘ഹൃദയം’ മറ്റ് ഭാഷകളിലേക്കും; റീമേക്ക് റൈറ്റ്സ് സ്വന്തമാക്കിയത് ‘ബ്രഹ്മാസ്ത്ര’ നിർമ്മാതാക്കൾ…

മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന ‘പുഴു’ ട്രെയിലർ ഉടനെ എത്തും…