റസൂൽ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭം ‘ഒറ്റ’; ചിത്രത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്…
സൗണ്ട് ഡിസൈനിങ്ങിന് ഓസ്കാർ സ്വന്തമാക്കിയ റസൂൽ പൂക്കുട്ടി സംവിധായകനായി അരങ്ങേറാൻ ഒരുങ്ങുക ആണ്. ‘ഒറ്റ’ എന്ന മലയാള ചിത്രമാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം. ഒരു ബ്രിട്ടീഷ് ചിത്രവും രണ്ട് ബോളിവുഡ് ചിത്രങ്ങളും സംവിധാനം ചെയ്യാനുള്ള അവസരങ്ങൾ വേണ്ടെന്ന് വെച്ചാണ് അദ്ദേഹം ആദ്യ ചിത്രം മലയാളത്തിൽ തന്നെ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ‘ഒറ്റ’യുടെ ആദ്യ ദൃശ്യങ്ങളും പ്രേക്ഷകരുമായി റസൂൽ പങ്കുവെച്ചു.
ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആസിഫ് അലി, അർജ്ജുൻ അശോകൻ എന്നിവർ ഉൾപ്പെടുന്ന ഒരു മൂവിങ്ങ് പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 1 മിനിറ്റ് 38 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ റസൂൽ പൂക്കുട്ടി അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തത്. വീഡിയോ കാണാം:
ഒരു വാഷ് റൂമിന് ഉള്ളിലെ കണ്ണാടിയിൽ ആസിഫ് അലിയുടെ പ്രതിബിംബം അർജ്ജുൻ അശോകനായി മാറുന്ന കാഴ്ചയാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ എസ് ഹരിചന്ദ്രന്റെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ വമ്പൻ താരങ്ങളും അണിനിരക്കുന്നുണ്ട്. ആസിഫ് അലിയെയും അർജ്ജുൻ അശോകനെയും കൂടാതെ സത്യരാജ്, ശോഭന, രോഹിണി, രഞ്ജി പണിക്കർ, ഇന്ദ്രൻസ്, ദിവ്യ ദത്ത, അദിൽ ഹുസൈൻ, ലെന, ശ്വേത മേനോൻ എന്നിവർ ആണ് മറ്റ് അഭിനേതാക്കൾ.
കിരൺ പ്രഭാകർ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ഹരിഹരൻ എസ്, കുമാർ ഭാസ്‌കർ, റസൂൽ പൂക്കുട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് എം ജയചന്ദ്രൻ ആണ് ഈണം പകരുന്നത്. അരുൺ വർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ സിയാൻ ശ്രീകാന്ത് ആണ്.