in

മലയാള സിനിമയെ ഹോളിവുഡുമായി കൈകോർപ്പിച്ചു കൊണ്ട് പൃഥ്വിരാജ്; സോണി പിക്ചർസ് മലയാളത്തിൽ!

മലയാള സിനിമയെ ഹോളിവുഡുമായി കൈകോർപ്പിച്ചു കൊണ്ട് പൃഥ്വിരാജ്; സോണി പിക്ചർസ് മലയാളത്തിൽ!

മലയാള സിനിമ ഇപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വേഗം വളർന്നു കൊണ്ടിരിക്കുന്ന ഫിലിം ഇൻഡസ്ട്രികളിൽ ഒന്നാണ്. പുലിമുരുകൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ ബ്രഹ്മാണ്ഡ വിജയത്തോടെ മലയാള സിനിമയുടെ മാർക്കറ്റ് ലോകം മുഴുവൻ എത്തി കഴിഞ്ഞു. പരീക്ഷണ ചിത്രങ്ങൾ എടുത്തു അവയെ വിജയം ആക്കുന്ന ഒരു ഇൻഡസ്ട്രിയായി മലയാള സിനിമ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. പരമ്പരാഗത രീതികളിൽ നിന്നൊക്കെ മാറി ചിന്തിക്കുന്ന സിനിമ സംസ്കാരം വരികയും സൂപ്പർ താരങ്ങൾ വരെ അതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്ന രീതിയിലേക്ക് മലയാള സിനിമ വളർന്നു കഴിഞ്ഞു. അതിന്റെ ഫലമായി ആഗോള ഭീമന്മാരായ പല നിർമ്മാണ കമ്പനികളും മലയാളത്തിലേക്ക് എത്തുകയാണ്.

അതിന്റെ ആദ്യ പടിയായി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ തന്റെ പുതിയ നിർമ്മാണ കമ്പനിക്കൊപ്പം സഹകരിപ്പിച്ചു കൊണ്ട് ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനി ആയ സോണി പിക്ചർസിനെ മലയാളത്തിൽ എത്തിക്കുകയാണ്. അതിനെ സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം പുറത്തു വന്നു. പൃഥ്വിരാജ്, ഭാര്യ സുപ്രിയ എന്നിവരുടെ പേരിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് തങ്ങളുടെ ആദ്യ ഹോം പ്രൊഡക്ഷൻ ഏപ്രിൽ മാസത്തിൽ ആരംഭിക്കും. അതിൽ സഹ നിർമ്മാതാക്കളായിരിക്കും സോണി പിക്ചർസ് ഇന്റർനാഷണൽ.

ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യാൻ പോകുന്ന ഒരു സയൻസ് ഫിക്ഷൻ ചിത്രം ആയിരിക്കും ഇവരുടെ ആദ്യത്തെ നിർമ്മാണ സംരംഭം. പൃഥ്വിരാജ്, പാർവതി, നിത്യ മേനോൻ എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും തങ്ങളുടെ ആദ്യ പ്രൊഡക്ഷനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഒഫീഷ്യൽ ആയി ഉടനെ തന്നെ പുറത്തു വിടും എന്നാണ് പൃഥ്വിരാജ് അറിയിച്ചിട്ടുള്ളത്. തട്ട് പൊളിപ്പൻ വിനോദ ചിത്രങ്ങൾ അല്ല തങ്ങളുടെ ലക്‌ഷ്യം എന്നും, വ്യത്യസ്തമായ പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന പരീക്ഷണ ചിത്രങ്ങൾ ആണ് തങ്ങൾ പുറത്തു കൊണ്ട് വരാൻ ശ്രമിക്കുക എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.പൃഥ്വിരാജുമായിട്ടുള്ള കൈകോർക്കൽ സോണി പിക്ചർസ് ഇന്ത്യയുടെ എം ഡി വിവേക് കൃഷ്ണനും സ്ഥിതീകരിച്ചു.

 

കാലയിൽ രജിനിയ്ക്കൊപ്പം മമ്മൂട്ടിയും? സംവിധായകൻ പാ രഞ്ജിത്തിന്‍റെ പ്രതികരണം ഇതാ

കോട്ടയം കുഞ്ഞച്ചൻ 2 പ്രഖ്യാപനത്തോടെ ഒതുങ്ങുന്നു? ചിത്രത്തിനെതിരെ ആദ്യ ഭാഗത്തിന്‍റെ നിര്‍മ്മാതാവ്