ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവന്റെ’ ഒടിടി സ്‌ട്രീമിംഗ് ആരംഭിച്ചു…
വമ്പൻ താരനിരയെ അണിനിരത്തി മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ: I’ ബോക്‌സ് ഓഫീസിൽ ചരിത്ര വിജയം നേടി തമിഴകത്തിന്‍റെ അഭിമാനമായ ചിത്രമാണ്. തമിഴ് നാട് ബോക്സ് ഓഫീസിൽ 200 കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രമായി മാറിയ ഈ മണിരത്നം ചിത്രം ആഗോളതലത്തിൽ നിലവിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ രണ്ടാമത്തെ തമിഴ് ചിത്രവും ആയി മാറിയിരിക്കുക ആണ്. ബോക്‌സ് ഓഫീസിലെ മിന്നും വിജയത്തിന് ശേഷം ഈ ചിത്രത്തിന്‍റെ ഒടിടി സ്‌ട്രീമിംഗ് ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്. പ്രൈം വീഡിയോയിൽ ആണ് ചിത്രം എത്തിയിരിക്കുന്നത്. എന്നാൽ റെന്റൽ ആയിട്ടാണ് ചിത്രം ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
199 രൂപ നൽകി പ്രേക്ഷകർക്ക് മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഈ ചിത്രം ആസ്വദിക്കാം. പ്രൈം മെമ്പർഷിപ്പ് എടുത്ത പ്രേക്ഷകർക്ക് നവംബർ 4 മുതൽ മാത്രമേ ചിത്രം സൗജന്യമായി ലഭ്യമാകുയുള്ളൂ. വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ റായ്, തൃഷ, ജയറാം, ശരത്ത്കുമാർ, പ്രഭു, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, നാസർ, പ്രകാശ് രാജ് തുടങ്ങിയ വമ്പൻ താരനിര ആയിരുന്നു ചിത്രത്തിൽ അണിനിരന്നത്.
അതേസമയം, ശങ്കർ രജനികാന്ത് ചിത്രമായ 2.0 ആഗോള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി തുടരുക ആണ്. തമിഴ് നാട് ബോക്സ് ഓഫീസിൽ ആകട്ടെ ലോകേഷ് കനാഗരാജ് ഒരുക്കിയ വിക്രം എന്ന ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡ് തകർത്ത് ആണ് പൊന്നിയിൻ സെൽവൻ ഒന്നാം സ്ഥാനം നേടി ഇൻഡസ്ട്രി ഹിറ്റായി മാറിയിരിക്കുന്നത്. തമിഴ് നാട് ബോക്സ് ഓഫീസ് കളക്ഷന്‍ 225 കോടിയ്ക്ക് മുകളില്‍ നേടിയ ചിത്രം 464.7 കോടി ഗ്രോസ് കളക്ഷൻ ആണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ഇതിൽ 162.62 കോടിയോളം ഗ്രോസ് കളക്ഷൻ സംഭാവന ചെയ്തത് ഓവർസീസ് മാർക്കറ്റ് ആണ്. 302.08 കോടി ഗ്രോസ് കളക്ഷൻ ആണ് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത്.