സസ്പെൻസ് ത്രില്ലർ പവിഴമല്ലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഗോപി സുന്ദർ പുറത്തിറക്കി!
നവാഗതനായ അഖിൽ കോന്നി സംവിധാനം ചെയ്യുന്ന ചിത്രമാണ് പവിഴമല്ലി. പൂർണമായും കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മാധ്യമ പ്രവർത്തകനായ രാജേഷ് ആർ നാഥ് ആണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സംഗീത സംവിധായകൻ ഗോപി സുന്ദർ പുറത്തിറക്കി.
സസ്പെൻസ് ത്രില്ലർ ഗണത്തിൽപെടുത്താവുന്നതാണ് ഈ ചിത്രം. മൂന്നാറിലെ കൊടുംകാടിനുള്ളിലെ ഒരു ആദിവാസി ഊരിൽ നടന്ന അവിശ്വസനീയമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
ആദിവാസി ഊരിലെ ഏകാധ്യാപിക വിദ്യാലയത്തിൽ പഠിപ്പിക്കാനെത്തിയ ഒരു അധ്യാപികയുടെ യഥാർത്ഥ ജീവിതമാണ് ചിത്രത്തിന് പ്രചോദനം. പ്രണയവും പകയും നിഗൂഢതയും നിറഞ്ഞ നിരവധി നെഞ്ചുലയ്ക്കുന്ന കഥാസന്ദർഭങ്ങൾ ഈ സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ ഉണ്ടാകും. മാത്രവുമല്ല, കാടും കാട്ടാറും മഞ്ഞും മഴയുമൊക്കെ ദൃശ്യചാരുത പകരുന്ന ഈ ചിത്രം പ്രേക്ഷകർക്ക് നവ്യാനുഭവം സമ്മാനിക്കും.
ബോളിവുഡ് ചിത്രങ്ങളായ ദിൽവാലെ, ചെന്നൈ എക്‌സ്പ്രസ്, എന്നിവയുടെ ഛായാഗ്രാഹകൻ ആയ വിനോദ് പെരുമാൾ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഗോപി സുന്ദർ ആണ് സംഗീത സംവിധായകൻ. സാഗർ ദാസ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. കലാസംവിധാനം അനീഷ് നാടോടി. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്ത വർഷം പകുതിയോടെ തീയേറ്ററുകളിൽ എത്തും.