‘ഒരു യമണ്ടൻ പ്രേമകഥ’ ഫസ്റ്റ് ലുക്ക് നാളെ എത്തും, ദുൽഖറിന്റെ തിരിച്ചുവരവിൽ ആവേശം!

0

‘ഒരു യമണ്ടൻ പ്രേമകഥ’ ഫസ്റ്റ് ലുക്ക് നാളെ എത്തും, ദുൽഖറിന്റെ തിരിച്ചുവരവിൽ ആവേശം!

അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിൽ ആയപ്പോൾ ദുൽഖർ സൽമാൻ മലയാള സിനിമയിൽ നിന്ന് വലിയ ഒരു ഇടവേള തന്നെ എടുക്കേണ്ടി വന്നു. ഒന്നര വർഷം മലയാള സിനിമ ദുൽഖറിന്റെ സിനിമകൾ ഇല്ലാതെ കടന്നുപോയി. ആരാധകരെ ആവേശത്തിൽ ആക്കാൻ ദുൽഖർ ഗംഭീര തിരിച്ചു വരവിന് ഒരുങ്ങുക ആണ്. ‘ഒരു യണ്ടൻ പ്രേമകഥ’ എന്ന ചിത്രത്തിലൂടെ ആണ് ദുൽഖറിന്റെ തിരിച്ചു വരവിന് കളം ഒരുങ്ങുന്നത്.

ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ (മാർച്ച് 1ന്‌) വൈകുന്നേരം ആറ് മണിക്ക് അണിയറപ്രവർത്തകർ പുറത്തുവിടും. പുതുമുഖ സംവിധായകൻ ബിസി നൗഫൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ഒരു ചിത്രത്തിൽ ആദ്യമായി ദുൽഖർ അഭിനയിക്കുന്നു എന്ന പ്രത്യേകത ഒരു യമണ്ടൻ പ്രേമകഥയ്ക്ക് ഉണ്ട്.

കട്ടപ്പനയിൽ ഹൃത്വിക് റോഷൻ, അമർ അക്ബർ അന്തോണി തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ വിഷ്ണു – ബിബിൻ കൂട്ടുകെട്ട് ആണ് ഈ ദുൽഖർ ചിത്രത്തിന്റെയും തിരക്കഥാകൃത്തുക്കൾ. ചിത്രത്തിൽ ഇരുവരും അഭിനേതാക്കൾ ആയും എത്തുന്നുണ്ട്.

നിഖില വിമലും സംയുക്ത മേനോനും ആണ് ഈ ചിത്രത്തിലെ നായികമാർ. സൗബിൻ ഷാഹിർ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, സലീം കുമാർ തുടങ്ങിയവർ ആണ് മറ്റു അഭിനേതാക്കൾ.

ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സംവിധായകനും നടനുമായ നാദിർഷ ആണ്. ക്യാമറ സുകുമാർ കൈകാരം ചെയ്യുമ്പോൾ എഡിറ്റിംഗ് നിർവഹിക്കുന്നത് ജോൺ കുട്ടി ആണ്.