ലോകത്തെമ്പാടും 4 ഭാഷകളിലായി 2000 തീയേറ്ററുകളിൽ അഡാർ ലൗ 14ന് എത്തും!
അണിയറപ്രവർത്തകർ നൽകുന്ന വിവരങ്ങൾ ശരിയെങ്കിൽ മലയാളത്തിൽ ഫെബ്രുവരി 14ന് പുതിയ ചരിത്രം പിറക്കും. ഒരു മലയാള സിനിമ മലയാളം ഉൾപ്പടെ നാല് ഭാഷകളിൽ ഒരേ ദിവസം ലോകത്തെമ്പാടുമായി 2000 തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ഒരു അഡാർ ലൗ എന്ന ഒമർ ലുലു ചിത്രം ആണ് ഈ നേട്ടം കൈവരിക്കുന്നത്.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ആണ് ഒരു അഡാർ ലൗ പ്രദർശനത്തിന് എത്തുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ ഒന്നുമില്ലാതെ പുതുമുഖ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം സ്വന്തമാക്കിയ ഈ നേട്ടം വിസ്മയിക്കുന്നത് ആണെന്ന് പറയേണ്ടി വരും.
ഹാപ്പി വെഡിങ്, ചങ്ക്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകതയും ഒരു അഡാർ ലൗവിന് ഉണ്ട്.
ഇന്റർനെറ്റ് സെൻസേഷൻ ആയി മാറിയ പ്രിയ വാര്യർ ആണ് ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. റോഷൻ, നൂറിൻ ഷെരീഫ് തുടങ്ങിയ പുതുമുഖങ്ങൾ ആണ് മറ്റ് അഭിനേതാക്കൾ.
ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പ്രണയ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സരങ് ജയപ്രകാശും ലിജോ പാനടയും ചേർന്നാണ്. ഔസേപ്പച്ചൻ മൂവി ഹൗസ് ആണ് നിർമ്മാണം.