മഹാ പ്രതിഭകളുടെ സംഗമം; എംടിയുടെ ‘ഓളവും തീരവും’ ചിത്രീകരണം ആരംഭിച്ചു…

നെറ്റ്ഫ്ലിക്സിന്റെ അന്തോളജിയുടെ ഭാഗമായി എംടിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ചിത്രമാണ് ‘ഓളവും തീരവും’. മുൻപ് വന്ന റിപ്പോർട്ടുകൾ പോലെ ഈ ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ ആദ്യ വാരം ആരംഭിച്ചിരിക്കുകയാണ്. മഹാ പ്രതിഭകളുടെ സംഗമമാണ് ഈ ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്.
ആദ്യമായി എംടി വാസുദേവൻ നായരും പ്രിയദർശനും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ കഥയും തിരക്കഥയും എംടിയുടേത് ആണ്. എംടി – പി എൻ മേനോൻ കൂട്ട്കെട്ടിൽ മധു നായകനായി എത്തിയ ഇതേ പേരിൽ 1969ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേയ്ക്ക് ആണ് ചിത്രം. മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ ആണ് മധു അവതരിപ്പിച്ച ബാപ്പൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത്. സാബു സിറിൽ ആണ് പ്രൊഡക്ഷൻ ഡിസൈനർ. മോഹൻലാൽ, പ്രിയദർശൻ, സന്തോഷ് ശിവൻ, സാബു സിറിൽ തുടങ്ങിയ പ്രതിഭകൾ 1995ലെ ചിത്രം കാലാപാനിയ്ക്ക് ശേഷം ഒന്നിക്കുന്നു എന്നത് മറ്റൊരു പ്രത്യേകത ആണ്. 1969ലെ ഓളവും തീരവും ചിത്രത്തിൽ ജോസ് പ്രകാശ് ചെയ്ത വില്ലൻ വേഷം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് ഹരീഷ് പേരടി ആണ്. ജോസ് പ്രകാശിന്റെ കല്ലറക്കുമുന്നിൽ പുഷ്പങ്ങൾ അർപ്പിച്ച് അനുവാദം വാങ്ങിയതായി അറിയിച്ചു ഹരീഷ് പേരടി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. എംടിയെ വീട്ടിൽ ചെന്ന് കണ്ട് അനുഗ്രഹം വാങ്ങിച്ചതായും ഹരീഷ് പേരടി കുറിച്ചു.