“ഇങ്ങനെ ഒരു സ്വീകരണം കിട്ടുമ്പോൾ സന്തോഷമാണ് .പ്രേക്ഷകർ എന്നെ ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് അറിയുന്നതിൽ സന്തോഷം”, ‘വർഷങ്ങൾക്കു ശേഷം’ വിജയത്തെ കുറിച്ച് നിവിൻ്റെ പ്രതികരണം ഇങ്ങനെ…

പ്രണവ് മോഹൻലാലിനെയും ധ്യാൻ ശ്രീനിവാസനെയും നായകന്മാരാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്കു ശേഷം എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. നിതിൻ മോളി എന്ന അതിഥി കഥാപാത്രമായി എത്തിയ മലയാളത്തിൻ്റെ പ്രിയ താരം നിവിൻ പോളിയുടെ ഗംഭീര പ്രകടനം ആണ് ചിത്രത്തിൻ്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്. കുറച്ച് പരാജയ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി ഈ ചിത്രത്തിലൂടെ വമ്പൻ തിരിച്ചുവരവ് ആണ് നടത്തിയിരിക്കുന്നത് എന്ന് നിസംശയം പറയാം.
ചിത്രത്തിനും കഥാപാത്രത്തിനും മികച്ച പ്രതികരണങ്ങൾ കിട്ടുമ്പോൾ ആ സന്തോഷം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പോളി പങ്കുവെക്കുകയും ഉണ്ടായി. ഇങ്ങനെ ഒരു സ്വീകരണം കിട്ടുന്നതും പ്രേക്ഷകർ ഇങ്ങനെ തന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് അറിയുമ്പോൾ സന്തോഷമാണ് എന്ന് നിവിൻ പറയുന്നു. സീരിയസ് വേഷങ്ങൾ തുടരെ ചെയ്യുമ്പോൾ പ്രേക്ഷകർ തന്നെ ഒരു എൻ്റർടെയ്നർ ആയി കാണാൻ ആണ് ആഗ്രഹിക്കുന്നത് എന്നും അത് മിസ് ചെയ്യരുത് എന്നും വിനീത് തന്നോട് പറയാറുണ്ടായിരുന്നു എന്ന് നിവിൻ വെളിപ്പെടുത്തി. സിനിമയുടെ റിലീസിന് ശേഷം ഇപ്പൊൾ താൻ പറഞ്ഞത് മനസിലായോ എന്നാണ് വിനീത് ചോദിച്ചത് എന്നും നിവിൻ കൂട്ടിച്ചേർത്തു.
നിവിൻ പോളിയുടെ വാക്കുകൾ ഇങ്ങനെ: “എന്റെയൊരു എന്റർടെയ്ൻമെന്റ് സിനിമ വന്നാൽ എല്ലാവർക്കും ഇഷ്ടമാണ്. എല്ലാ ഘടകങ്ങളും നന്നായാൽ മാത്രമേ ആ സിനിമ പ്രേക്ഷകരുമായി കണക്ട് ആകൂ. അതാണ് ഇപ്പോൾ തിയറ്ററിൽ പ്രതിഫലിക്കുന്നത്.” തൻ്റെ കഥാപാത്രം പ്രേക്ഷകരുമായി കണക്ട് ആയത് അതുകൊണ്ട് ആണെന്നും വ്യത്യസ്തമായ രീതിയിൽ ആണ് ആ കഥാപാത്രത്തിൻ്റെ പ്രസൻ്റേഷൻ തന്നെ എന്നും നിവിൻ പറയുന്നു.
സിനിമ നന്നായി ഓടുന്നു എന്നും തങ്ങളെ കുറിച്ച് എല്ലാവരും നല്ലത് പറയുന്നു. അഭിനയിച്ച എല്ലാവരെക്കുറിച്ചും നല്ല അഭിപ്രായം. ഒരുപാട് സന്തോഷം, നിവിൻ പറഞ്ഞു. മലയാളത്തിൽ നിവിൻ്റെ അടുത്ത റിലീസ് ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ‘മലയാളി ഫ്രം ഇന്ത്യ’ ആണ്. ഈ ചിത്രത്തിലും നിവിന് ഒപ്പം ധ്യാൻ ശ്രീനിവാസനും അഭിനയിച്ചിട്ടുണ്ട്. മെയ് 1ന് ആണ് ഈ ചിത്രത്തിൻ്റെ റിലീസ്.
English Summary: Nivin Pauly’s response to the success of ‘Varshangalkku Shesham’.