മോഹൻലാൽ – അജോയ് വർമ്മ ചിത്രം ‘നീരാളി’യുടെ റിലീസ് തീയതി മാറ്റി!
മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ ഒരുക്കുന്ന നീരാളിയുടെ റിലീസ് തീയതി മാറ്റി. ചിത്രം ജൂൺ 14ന് പുറത്തിറങ്ങും എന്നാണ് മുൻപ് അറിയിച്ചിരുന്നത്. എന്നാൽ ഒരു ദിവസം വൈകി മാത്രം ആയിരിക്കും ചിത്രം തീയേറ്ററുകളിൽ എത്തുക. ജൂൺ 15ന് ചിത്രം റിലീസ് ചെയ്യാൻ ആണ് ഇപ്പോൾ തീരുമാനം ആയിരിക്കുന്നത്. ഇക്കാര്യം നീരാളിയുടെ നിർമ്മാതാവ് സന്തോഷ് ടി കുരുവിള സ്ഥിരീകരിച്ചു. അദ്ദേഹം തന്‍റെ ഫേസ്ബുക് പേജിൽ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.
ജൂൺ 15ന് ഈദ് റിലീസ് ആയി ഇന്ത്യയൊട്ടാകെ ഉള്ള തീയേറ്ററുകളിൽ വമ്പൻ റിലീസ് ആയി നീരാളി എത്തും. അതെ ദിവസം തന്നെ ഗൾഫ് രാജ്യങ്ങളിലും ചിത്രം എത്തും എന്നാണ് സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജിസിസി റിലീസ് സംബന്ധിച്ച ഔദ്യോദിക അറിയിപ്പിനായി ഇനിയും കാത്തിരിക്കണം.
സജു തോമസ് തിരകഥ ഒരുക്കിയ ഈ ചിത്രത്തിൽ സണ്ണി എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്. ബോളിവുഡ് സംവിധായകൻ അജോയ് വർമ്മയുടെ ആദ്യ മലയാള ചിത്രമാണ് ഇതെന്ന പ്രത്യേകതയും നീരാളിയ്ക്ക് ഉണ്ട്. ചിത്രത്തിന്‍റെ ട്രെയിലർ മോഹൻലാലിന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
വർഷങ്ങൾക്ക് ശേഷം നാദിയ മൊയ്‌തു മോഹൻലാലിന്‍റെ നായിക ആയി നീരാളിയിലൂടെ വീണ്ടും മലയാളത്തിൽ എത്തുന്നു. ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറന്മൂട്, പാർവതി നായർ, സായികുമാർ തുടങ്ങി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. സന്തോഷ് തുണ്ടിയിൽ ആണ് ക്യാമറ കൈകാരം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് സ്റ്റീഫൻ ദേവസ്യ ആണ്.
ഈദ് റിലീസ് ആയി മമ്മൂട്ടിയുടെ അബ്രഹാമിന്‍റെ സന്തതികളും തീയേറ്ററുകളിൽ എത്തുന്നുണ്ട്.