വില്ലനെയും മോഹൻലാലിനെയും പ്രശംസിച്ചു തമിഴ് സംവിധായകൻ മിസ്‌കിൻ; വില്ലൻ നാളെ എത്തുന്നു
വില്ലൻ എന്ന മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രം നാളെ റിലീസ് ചെയ്യുകയാണ്. മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ് ആയെത്തുന്ന ചിത്രം ഇപ്പോൾ തന്നെ അഡ്വാൻസ് ബുക്കിങ്ങിലും ഫാൻ ഷോകളുടെ എണ്ണത്തിലുമെല്ലാം ചരിത്രം കുറിച്ച് കഴിഞ്ഞു. മാത്രമല്ല ആദ്യമായി കേരളത്തിൽ റിലീസ് ദിനം ആയിരം ഷോ കളിക്കുന്ന മലയാള ചിത്രവും വില്ലൻ ആവും എന്നുറപ്പായി കഴിഞ്ഞു. ഇപ്പോഴിതാ റിലീസിന് ഒരു ദിവസം മുൻപേ വില്ലനെയും മോഹൻലാലിനെയും പ്രശംസിച്ചു കൊണ്ട് പ്രശസ്ത തമിഴ് സംവിധായകൻ മിസ്‌കിൻ രംഗത്ത് വന്നിരിക്കുകയാണ്.
ചിത്രത്തെയും മോഹൻലാലിനെയും കുറിച്ചുള്ള മിസ്‌കിന്‍റെ വാക്കുകൾ ബി ഉണ്ണികൃഷ്ണൻ ആണ് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ വില്ലന്റെ പ്രിവ്യു ഷോ ഉണ്ടായിരുന്നു. വിശാലും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും തമിഴ് സിനിമയിലെ പ്രമുഖരും ചിത്രം കാണുകയുണ്ടായി. അവരുടെ ഒപ്പം വില്ലൻ കണ്ട മിസ്‌കിൻ ബി ഉണ്ണികൃഷ്ണന് തന്‍റെ അഭിപ്രായം അയച്ചു കൊടുക്കുകയും അത് പ്രേക്ഷകരോട് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ ആണ് ഉണ്ണികൃഷ്ണൻ മിസ്‌കിന്‍റെ സന്ദേശം തന്‍റെ ഫേസ്ബുക് പേജിലൂടെ ഷെയർ ചെയ്തത്.
മികച്ച ഒരു ഇമോഷണൽ ത്രില്ലർ ആണ് വില്ലൻ എന്ന് പറഞ്ഞ മിസ്‌കിൻ മോഹൻലാലിന്‍റെ പ്രകടനത്തെ അതിഗംഭീരം എന്നാണ് വിശേഷിപ്പിച്ചത്. മഞ്ജു വാര്യർ, വിശാൽ എന്നിവരുടെ പ്രകടനത്തെയും അഭിനന്ദിച്ച മിസ്‌കിൻ പറഞ്ഞത് വളരെ മികച്ച രീതിയിൽ ഡിസൈൻ ചെയ്യപ്പെട്ട ചിത്രമാണ് വില്ലൻ എന്നാണ്. സംവിധായകൻ ഉണ്ണികൃഷ്ണനും അതുപോലെ ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർക്കും മിസ്‌കിൻ തന്റെ അഭിനന്ദനം അറിയിച്ചു.
കേരളത്തിൽ ഇപ്പോഴേ വില്ലൻ തരംഗം ആഞ്ഞടിക്കുകയാണ്. ഏറ്റവും അധികം ഫാൻ ഷോകളും എക്സ്ട്രാ ഷോകളും അഡ്വാൻസ് ബുക്കിങ്ങും എല്ലാമായി വില്ലൻ വേവ് കേരളം ഇപ്പോഴേ കീഴടക്കി കഴിഞ്ഞു. ഇരുപതു കോടി മുടക്കി നിർമ്മിച്ച ഈ ചിത്രം ഇപ്പോഴേ 13 കോടി രൂപ പ്രീ-റിലീസ് ബിസിനസ് നടത്തി കഴിഞ്ഞു. റോക്ക് ലൈൻ വെങ്കടേഷ് നിർമ്മിച്ച ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണി നിരന്നിരിക്കുന്നതു.