മൈ സ്റ്റോറി
in ,

വൈകാരികതയിലൂന്നി നിന്നൊരു പ്രണയ കഥ; ‘മൈ സ്റ്റോറി’ റിവ്യൂ വായിക്കാം

വൈകാരികതയിലൂന്നി നിന്നൊരു പ്രണയ കഥ; മൈ സ്റ്റോറി റിവ്യൂ വായിക്കാം

നവാഗതയായ റോഷ്‌നി ദിനകർ സംവിധാനം ചെയ്ത ‘മൈ സ്റ്റോറി’ തിയേറ്ററുകളില്‍ എത്തി. പ്രശസ്ത രചയിതാവായ ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ചിരിക്കുന്ന ഈ റൊമാന്റിക് ചിത്രം നിർമ്മിച്ചിരിക്കുന്നത് റോഷ്‌നി ദിനകർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ദിനകർ ഓ വിയും റോഷ്‌നി ദിനകറും ചേർന്നാണ്. യുവ സൂപ്പർതാരമായ പൃഥ്വിരാജ് സുകുമാരൻ നായകനായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നായിക ആയി എത്തിയിരിക്കുന്നത് മലയാളത്തിലെ മുൻ നിര നായികയായ പാർവതിയാണ്. കൂടുതൽ ഭാഗവും വിദേശത്തു ചിത്രീകരിച്ച ഈ സിനിമയുടെ ട്രൈലെർ , ഗാനങ്ങൾ എന്നിവ ഏറെ ശ്രദ്ധ നേടിയിരുന്നു.

പൃഥ്വിരാജ്- പാർവതി ജോഡികൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം വളരെ തീവ്രമായി ആണ് കഥ പറഞ്ഞിരിക്കുന്നത്. ജയ് എന്ന കഥാപാത്രം ആയി പൃഥ്വിരാജ് എത്തുമ്പോൾ താര എന്ന കഥാപാത്രമായി ആണ് പാർവതി അഭിനയിച്ചിരിക്കുന്നത്. പ്രണയം ഇവരുടെ ജീവിതത്തിൽ കൊണ്ട് വരുന്ന വഴിത്തിരിവുകളും അതിവരുടെ ജീവിതത്തെ ഏതു രീതിയിൽ സ്വാധീനിക്കുന്നു എന്നുമാണ് ഈ ചിത്രം പറയുന്നത്.

തിരക്കഥ രചിച്ച ശങ്കർ രാമകൃഷ്ണനും അതിനു ദൃശ്യ ഭാഷ നൽകിയ രോഷ്നിയും ഏറ്റവും മികച്ച രീതിയിൽ തന്നെ ചിത്രത്തിലെ കഥാ സന്ദർഭങ്ങൾ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകരെ ആദ്യാവസാനം തങ്ങളുടെ സീറ്റിൽ പിടിച്ചിരുത്തുന്ന തരത്തിലാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വൈകാരിക മുഹൂർത്തങ്ങളും റൊമാന്സും മനോഹരമായി കോർത്തിണക്കി ഒരുക്കിയ തിരക്കഥക്കു അതിലും മികച്ച രീതിയിൽ പ്രേക്ഷകനെ സന്തോഷിപ്പിക്കുന്ന രീതിയിൽ ദൃശ്യ ഭാഷ ഒരുക്കാൻ റോഷ്‌നി ദിനകറിന് സാധിച്ചു. ഒരു നവാഗതയുടെ പതർച്ചകൾ ഇല്ലാതെ തന്നെ വളരെ കയ്യടക്കത്തോടെ കഥ പറയാൻ രോഷ്‌നിക്കു കഴിഞ്ഞിട്ടുണ്ട്. ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ആണ് ഇതിലെ വൈകാരിക രംഗങ്ങൾ. വളരെ വ്യത്യസ്തമായൊരു പശ്ചാത്തലമാണ് ഒരു പ്രണയ കഥ പറയാൻ ഉപയോഗിച്ചിരിക്കുന്നത് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവും പുതുമയും എന്ന് എടുത്തു പറയണം.

പൃഥ്വിരാജ് സുകുമാരൻ ഒരിക്കൽ കൂടി വളരെ പക്വതയോടെ തന്നെ തന്‍റെ കഥാപാത്രത്തിന് ജീവൻ നൽകി. വളരെ നിയന്ത്രണത്തോടെ അഭിനയിക്കാൻ സാധിക്കുന്നതാണ് തന്റെ മികവ് എന്ന് വീണ്ടും വീണ്ടും നമ്മുക്ക് കാണിച്ചു തരികയാണ് ജയ് എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജ്. അദ്ദേഹത്തിന്‍റെ ഒപ്പം നിന്ന് മികച്ച ഓൺസ്‌ക്രീൻ കെമിസ്ട്രി കാഴ്ച വെച്ച പാർവതി നായിക വേഷത്തിലും തിളങ്ങി. ഗംഭീരമായ പ്രകടനം തന്നെയാണ് ഈ നടി ഒരിക്കൽ കൂടി നൽകിയത് എന്ന് പറയാം. മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു നൽകിയ ഗണേഷ് വെങ്കിട്ടരാമൻ , മനോജ് കെ ജയൻ, നന്ദു, മണിയൻ പിള്ള രാജു എന്നീ അഭിനേതാക്കളും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.

ഡൂഡിലി, വിനോദ് പെരുമാൾ എന്നിവർ ഒരുക്കിയ മനോഹര ദൃശ്യങ്ങളും അതിനൊപ്പം തന്നെ ഷാൻ റഹ്മാൻ ഒരുക്കിയ ശ്രവ്യ സുഭഗമായ സംഗീതവും ഈ പ്രണയ ചിത്രത്തിന് മികച്ച ഫീൽ സമ്മാനിച്ചപ്പോൾ, എഡിറ്റിംഗും മികച്ചു നിന്നു . പ്രിയൻക് പ്രേം കുമാർ തന്‍റെ എഡിറ്റിംഗ് മികവിലൂടെ ചിത്രത്തിന് ഒഴുക്കും സാങ്കേതികമായ നിലവാരവും പകർന്നു നൽകിയിട്ടുണ്ട് . സാങ്കേതിക വിഭാഗം പുലർത്തിയ മികവ് തന്നെയാണ് ഈ ചിത്രത്തെ മികച്ചു നിർത്തുന്ന മറ്റൊരു ഘടകം.

എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന മികച്ച ഒരു വിനോദ ചിത്രം തന്നെയാണ് മൈ സ്റ്റോറി എന്ന് പറയാം. പുതുമയേറിയ കഥാ പശ്ചാത്തലവും അഭിനേതാക്കളുടെ മികച്ച പ്രകടനവും തന്നെയാണ് ഈ ചിത്രത്തെ മനോഹരമാക്കുന്നു. അതിനൊപ്പം സാങ്കേതികമായി പുലർത്തിയ ഉയർന്ന നിലവാരവും കൂടി ചേർന്നപ്പോൾ പ്രേക്ഷകരെ നിരാശരാക്കാത്ത ഒരു കാമ്പുള്ള പ്രണയ ചിത്രമായി മാറി മൈ സ്റ്റോറി.

വിനായകൻ ഇനി ‘കരിന്തണ്ടൻ’; ഗംഭീരം ഫസ്റ്റ് ലുക്ക് പോസ്റ്റർ!

ഒടിയന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ടീസർ എത്തി!