എംടിയുടെ തിരക്കഥയിൽ ലാൽ-പ്രിയൻ-സന്തോഷ് ശിവൻ ടീം ഒന്നിക്കുന്നു…

0

എംടിയുടെ തിരക്കഥയിൽ ലാൽ-പ്രിയൻ-സന്തോഷ് ശിവൻ ടീം ഒന്നിക്കുന്നു…

നായകനായി മോഹൻലാൽ. സംവിധാനം പ്രിയദർശൻ. ക്യാമറ കൈകാര്യം ചെയ്യാൻ സന്തോഷ് ശിവൻ. തിരക്കഥ ഒരുക്കുന്നത് എംടി വാസുദേവൻ നായരും. പ്രേക്ഷകർ വളരെയധികം ആഗ്രഹിക്കുന്ന ഒരു കൂട്ട്കെട്ട് ഒന്നിക്കുക ആണ്. നെറ്റ്ഫ്ലിക്‌സ് ഒരുക്കുന്ന അന്തോളജി സിനിമയുടെ ഒരു സെഗ്‌മെന്റിന് ആയാണ് ഈ ടീം ഒന്നിക്കുക.

‘ഓളവും തീരവും’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഈ സെഗ്‌മെന്റിന്റെ ചിത്രീകരണം ജൂലൈ ആദ്യ ആഴ്ചയിൽ കോഴിക്കോട് തുടങ്ങും എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ബാപ്പൂട്ടി എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുക. 1970ൽ പി എൻ മേനോന്റെ സംവിധാനത്തിൽ ഇതേ പേരിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമെയ്ക്ക് ആണ് ഈ ചിത്രം. നടൻ മധു അഭിനയിച്ചു അവിസ്മരണീയമാക്കിയ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

എംടിയുടെ വിവിധ ചെറുകഥകളെ അടിസ്ഥാനമാക്കി ഒരുക്കുന്നത് ആണ് നെറ്റ്ഫ്ലിക്‌സിന്റെ ഈ അന്തോളജി ചിത്രം. 10 സെഗ്‌മെന്റ് ഉള്ള ഈ അന്തോളജി ചിത്രത്തിൽ രണ്ട് സെഗ്‌മെന്റ് പ്രിയദർശൻ ആണ് സംവിധാനം ചെയ്യുന്നത്. ‘ശിലാലിഖിതങ്ങൾ’ എന്ന സെഗ്മെന്റ് ആണ് മറ്റൊന്ന്. ബിജു മേനോൻ, ശാന്തി കൃഷ്ണ എന്നിവർ അഭിനയിച്ച ഈ സെഗ്‌മെന്റ് മാസങ്ങൾക്ക് മുൻപ് ചിത്രീകരണം പൂർത്തിയായിരുന്നു.

മമ്മൂട്ടി, ഫഹദ് ഫാസിൽ, ആസിഫ് അലി, ഇന്ദ്രൻസ്, ഇന്ദ്രജിത്ത്, രഞ്ജി പണിക്കർ, നെടുമുടി വേണു, ആൻ അഗസ്റ്റിൻ, സുരഭി ലക്ഷ്മി, സിദ്ദിഖ് തുടങ്ങിയ താരങ്ങളും വിവിധ സെഗ്‌മെന്റിൽ താരങ്ങളായി എത്തുന്നുണ്ട്. എംടിയുടെ മകൾ അശ്വതി നായർ ഒരു സെഗ്‌മെന്റ് സംവിധാനം ചെയ്യുന്നുണ്ട്. കൂടാതെ, സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, മഹേഷ് നാരായണൻ, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവർ ആണ് ഈ അന്തോളജി ഫിലിമിൽ പങ്കുചേരുന്ന മറ്റ് സംവിധായകർ.