തെലുങ്കിൽ മോഹൻലാലിന് ‘ജനതാ ഗാരേജ്’ എങ്കിൽ ദുൽഖർ സൽമാന് ‘ജനതാ ഹോട്ടൽ’!
2016 ആണ് സൂപ്പർതാരം മോഹൻലാലിന്‍റെ തെലുങ്ക് ചിത്രം ‘ജനതാ ഗാരേജ്’ പുറത്തിറങ്ങിയത്. മോഹൻലാലിനൊപ്പം ജൂനിയർ എൻ ടി ആറും പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം 100 കോടി ക്ലബ്ബും കയറി വലിയ വിജയമായി തീർന്നു. തെലുങ്കിൽ വലിയ രീതിയിൽ ആരാധകരെ നേടാനും ഈ ചിത്രത്തിലൂടെ മോഹൻലാലിന് സാധിച്ചു. ഇപ്പോൾ ഇതാ ഈ പേരുമായി സാമ്യം ഉള്ള മറ്റൊരു ചിത്രവുമായി മലയാളത്തിന്‍റെ ഒരു യുവതാരവും തെലുങ്കിൽ എത്തുക ആണ്.
മറ്റാരുമല്ല, യുവനടൻ ദുൽഖർ സൽമാൻ ആണ് തെലുങ്കിൽ സമാനമായ പേരുള്ള ചിത്രവുമായി എത്തുന്നത്. ‘ജനതാ ഹോട്ടൽ’ എന്നാണ് ദുൽഖറിന്‍റെ തെലുങ്ക് ചിത്രത്തിന്‍റെ പേര്. മലയാളത്തിന്‍റെ ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന്‍റെ തെലുങ്ക് പതിപ്പാണ് ഈ ചിത്രം.
മഹാനടി എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം നടത്തിയ ദുൽഖറിന്‍റെ അടുത്ത ചിത്രം ഇതാണ്. മലയാളം പതിപ്പ് 2012ൽ ആയിരുന്നു പുറത്തിറങ്ങിയത്. ചിത്രത്തിൽ നിത്യാ മേനോൻ ആയിരുന്നു നായിക. അന്തരിച്ച മലയാളത്തിന്‍റെ മഹാ നടൻ തിലകനും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിദ്ദിഖ്, ലെന, മാമുക്കോയ, കുഞ്ചൻ, മണിയൻ പിള്ള രാജു തുടങ്ങിയർ ആയിരുന്നു മറ്റു താരങ്ങൾ.
ഇരു ചിത്രങ്ങളുടെ പേരിലെ സാമ്യം ആരാധകർക്കിടയിൽ കൗതുകവും ചർച്ചയും ആകുക ആണ്. ‘ജനതാ ഹോട്ടൽ’ ഈ മാസം തന്നെ തീയേറ്ററുകളിൽ എത്തും എന്നാണ് വിവരം.