ബോണി കപൂർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ അജിത്തിന് ഒപ്പം മോഹൻലാലും?

0

വലിമൈ ടീമിന്റെ പുതിയ ചിത്രത്തിൽ അജിത്തിന് ഒപ്പം മോഹൻലാലും?

‘വലിമൈ’ എന്ന ചിത്രത്തിന് ശേഷം നിർമ്മാതാവ് ബോണി കപൂറും സംവിധായകൻ എച്ച് വിനോദും മറ്റൊരു അജിത്ത് ചിത്രത്തിനായി ഒന്നിക്കുകയാണ്. എകെ 61 എന്ന താൽകാലിക പേരിൽ അറിയപ്പെടുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ ദിവസം ആരംഭിച്ചു കഴിഞ്ഞു. ആക്ഷൻ അഡ്വെഞ്ചര്‍ ആയ ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഹൈദരാബാദിൽ ആണ് തുടങ്ങിയിരിക്കുന്നത്.

ഈ ചിത്രത്തിനെ കുറിച്ച് മറ്റൊരു അഭ്യൂഹവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഈ അജിത്ത് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന അഭ്യൂഹം ആണ് പരക്കുന്നത്. മലയാളത്തിന്റെ ഒരു സൂപ്പർസ്റ്റാർ ചിത്രത്തിന്റെ ഭാഗമാകും എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതേസമയം, ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ ക്രൂവിന് ഒപ്പമുള്ള ചിത്രം പങ്കുവേചിട്ടുണ്ട് നിര്‍മ്മാതാവ് ബോണി കപൂര്‍.

കാപ്പാൻ എന്ന സൂര്യ ചിത്രത്തിൽ ആണ് അവസാനമായി തമിഴിൽ മോഹൻലാൽ അഭിനയിച്ചത്. വിജയ്ക്ക് ഒപ്പം ജില്ലയിലും ഉന്നൈപോൽ ഒരുവൻ എന്ന ചിത്രത്തിൽ കമൽ ഹാസന് ഒപ്പവും തമിഴിൽ മോഹൻലാൽ എത്തിയിരുന്നു. വരുന്ന റിപ്പോർട്ടുകൾ ശരി ആണെങ്കിൽ തല അജിത്തും മോഹൻലാലും ഒന്നിക്കുന്ന ആദ്യ ചിത്രമായി ഇത് മാറും.

എകെ 61 ഒരു ഹെയ്സ്റ്റ് ത്രില്ലർ ആണെന്ന തരത്തിലും റൂമറുകൾ വരുന്നുണ്ട്. ഇതിനോടകം തന്നെ ഇതേ ടീമിന്റെ രണ്ട് ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേർക്കൊണ്ട പാർവൈ, വലിമൈ എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് അജിത്ത് – ബോണി കപൂർ – എച്ച് വിനോദ് ടീം വീണ്ടും ഒന്നിക്കുന്നത്.