‘നേര്’ പ്രഖ്യാപിച്ചു; മോഹൻലാൽ ജീത്തു ചിത്രത്തിന് പേരായി…

മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് നേര് എന്നാണ് പേര് നൽകിയിരിക്കുന്നത്. കോർട്ട് റൂം ഡ്രാമ ആയ ചിത്രത്തിന് “നീതി തേടുന്നു” എന്ന അർത്ഥം വരുന്ന ടാഗ്‌ലൈനാണ് നൽകിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 33-ാമത്തെ ചിത്രമാണിത്.
ശാന്തി മായാദേവിയും ജിത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി എസ് വിനായക് എഡിറ്റിംഗും നിർവഹിക്കും. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ആണ് സംഗീതം ഒരുക്കുന്നത്. ബോബൻ കലാസംവിധാനവും ലിന്റ ജിത്തു വസ്ത്രാലങ്കാരവും നിർവഹിക്കും.
റെക്കോർഡ്സ് തകർത്ത “ദൃശ്യം”, അതിന്റെ പാൻ-ഇന്ത്യൻ ഫോളോ-അപ്പ് “ദൃശ്യം 2” എന്നീ ചിത്രങ്ങളും ഒടിടി റിലീസ് അയ “12th മാൻ” എന്ന ചിത്രവും ആണ് ഈ ടീമിൻ്റെ മുൻ ചിത്രങ്ങൾ. കൂടാതെ പാൻ-ഇന്ത്യൻ സ്കോപ്പുള്ളതും രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങാനിരിക്കുന്നതുമായ “റാം” എന്ന അവരുടെ നിലവിലുള്ള ചിത്രവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്.
നേരിന് പുറമേ മറ്റ് നിരവധി പ്രൊജക്ടുകളുമായി മോഹൻലാൽ തരംഗം സൃഷ്ടിക്കുകയാണ്. നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ “ജയിലർ” എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ അതിഥി വേഷം ആഗോളതലത്തിൽ മികച്ച സ്വീകാര്യത നേടുകയും ബോക്‌സ് ഓഫീസിൽ ശക്തമായ പ്രകടനം നടത്തുകയും ചെയ്യുകയാണ്. കൂടാതെ താരത്തിൻ്റെ മറ്റൊരു പാൻ-ഇന്ത്യൻ പ്രോജക്റ്റായ “വൃഷഭ”യും നിർമ്മാണം ആരംഭിചിട്ടുണ്ട്. അതേസമയം, ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന “മലൈക്കോട്ടൈ വാലിബൻ”, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന “ബറോസ്” എന്നിവ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്.