in

മോഹന്‍ലാലിലെ നടന്‍ മാത്രമല്ല മനുഷ്യനും ഇതിഹാസം എന്ന് മറാത്തി നടനും സംവിധായകനുമായ സച്ചിൻ പിലഗ്വോങ്കർ

മോഹന്‍ലാലിലെ നടന്‍ മാത്രമല്ല മനുഷ്യനും ഇതിഹാസം എന്ന് മറാത്തി നടനും സംവിധായകനുമായ സച്ചിൻ പിലഗ്വോങ്കർ

ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് പ്രശസ്ത മറാത്തി നടനും സംവിധായകനും എഴുത്തുകാരനുമൊക്കെയായ സച്ചിൻ പിലഗ്വോങ്കർ. നാടകത്തിലൂടെയും പ്രശസ്തനായ അദ്ദേഹം ബോളിവുഡ് സിനിമകളിലും തന്‍റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയുടെ നടനവിസ്മയമായ മോഹൻലാലിന്‍റെ വലിയൊരു ആരാധകനാണ് താനെന്നാണ് സച്ചിൻ പിലഗ്വോങ്കർ പറയുന്നത്. മോഹൻലാൽ ചിത്രമായ നീരാളിയുടെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോൾ ആണ് തനിക്ക് മോഹൻലാലിനോടുള്ള ആരാധന അദ്ദേഹം വെളിപ്പെടുത്തിയത്.

മോഹൻലാലിനൊപ്പം കുറച്ചു സമയം ചിലവഴിക്കാന്‍ കഴിഞ്ഞത് തന്‍റെ ജീവിതം പൂർണ്ണമാക്കിയ അനുഭവമാണ് നൽകിയതെന്ന് അദ്ദേഹം പറയുന്നു. ഒരു നടനെന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യൻ എന്ന നിലയിലും കൂടിയാണ് മോഹൻലാൽ ഒരിതിഹാസമാകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്‍റെ ഓരോ പ്രകടനങ്ങളിലും നിറഞ്ഞു നിൽക്കുന്ന വിനയവും മനുഷ്യത്വവും ആണ് തന്നെ അദ്ദേഹത്തിന്‍റെ കടുത്ത ആരാധകൻ ആകിയതെന്നും സച്ചിൻ പറഞ്ഞു.

തനിക്കൊപ്പം തന്‍റെ ഭാര്യ സുപ്രിയയും മകൾ ശ്രിയയും മോഹൻലാൽ ചിത്രങ്ങൾ കാണാറുണ്ട് എന്നും അവരും ഈ ഇതിഹാസത്തിന്‍റെ ആരാധകർ ആണെന്നും സച്ചിൻ പറഞ്ഞു. സച്ചിന്‍റെ ഭാര്യയും മകളും നടിമാരാണ്. മോഹൻലാലിന്‍റെ എല്ലാ ചിത്രങ്ങളും തങ്ങൾ കണ്ടിട്ടില്ല എങ്കിലും ഒരുപാട് ചിത്രങ്ങൾ തങ്ങൾ കണ്ടിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. മോഹൻലാൽ അവിടെ ഇരിക്കുന്നത് കൊണ്ട് അദ്ദേഹത്തെ പുകഴ്ത്തി പറയുന്നതല്ല താനെന്നും തന്‍റെ ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ ആണിതെന്നും സച്ചിൻ പിലഗ്വോങ്കർ എടുത്തു പറഞ്ഞതും ശ്രദ്ധേയമായി.

മോഹൻലാലിനൊപ്പം ചടങ്ങിൽ പങ്കെടുത്ത ടോവിനോ തോമസിനെയും സച്ചിൻ അഭിനന്ദിച്ചു. മായാനദിയിലെ പ്രകടനത്തിനാണ് സച്ചിൻ ടോവിനോയെ അഭിനന്ദിച്ചത്. നീരാളി ഓഡിയോ ലോഞ്ചിനൊപ്പം മായാനദി വിജയാഘോഷവും അവിടെ വെച്ച് നടന്നിരുന്നു. പ്രാദേശിക ഭാഷാ സിനിമ എന്ന തരംതിരിവിൽ താൻ വിശ്വസിക്കുന്നില്ല എന്നും ഇന്ത്യൻ സിനിമ എന്ന ഒറ്റ കുടക്കീഴിൽ ആണ് ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന എല്ലാ ചിത്രങ്ങളും അറിയപ്പെടേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. സച്ചിനൊപ്പം പ്രശസ്ത ബോളിവുഡ് ട്രേഡ് അനലിസ്റ് ആയ തരൻ ആദർശും നീരാളി ഓഡിയോ ലോഞ്ചിൽ പങ്കെടുത്തിരുന്നു.

മമ്മൂട്ടി ചിത്രം അബ്രഹാമിന്‍റെ സന്തതികളുടെ ട്രെയിലർ നാളെ എത്തും; കാത്തിരിപ്പിൽ ആരാധകര്‍!

‘പവർ സ്റ്റാറാ’കാൻ ബാബു ആന്റണി; ആക്ഷൻ താരത്തിന്‍റെ മടങ്ങി വരവ് പ്രഖ്യാപിച്ചു ഒമർ ലുലു!