തുടർഭാഗങ്ങൾക്ക് ഒരു അതി ഗംഭീര തുടക്കം; ‘മിന്നൽ മുരളി’യുടെ ദൗത്യം വിജയകരം…

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കിയ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിൽ നിന്നൊരു സൂപ്പർ ഹീറോ ചിത്രം എന്ന നിലയിൽ ഇന്ത്യ ഒട്ടാകെ തന്നെ ശ്രദ്ധ നേടിയ ചിത്രം നെറ്റ്ഫ്ലിക്‌സ് ആണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരേ പോലെ മികച്ച അഭിപ്രായങ്ങൾ നേടി മലയാളത്തിന് അഭിമാനമാകുന്ന ചിത്രം നിർമ്മിച്ചത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസിന് വേണ്ടി സോഫിയ പോൾ ആണ്.
ചിത്രത്തിന്റെ കഥ…
കുറുക്കൻമൂല എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് മിന്നൽ മുരളി പറയുന്നത്. ഒരേ സമയം രണ്ട് പേർക്ക് മിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്നതും അത് അവർ രണ്ട് രീതിയിൽ ഉപയോഗപ്പെടുത്തുന്നതും ആണ് ചിത്രത്തിന്റെ കഥ.
നായക കഥാപാത്രമായ ജയിസൺ ആയി ടോവിനോ എത്തുമ്പോൾ വില്ലൻ കഥാപാത്രമായ ഷിബുവിനെ അവതരിപ്പിക്കുന്നത് ഗുരു സോമസുന്ദരം ആണ്. വ്യക്തിപരമായ ജീവിതത്തിൽ പല പ്രതിസന്ധികളിലൂടെയും ഇരുവരും കടന്ന് പോകുന്നതിന് ഇടയിൽ ആണ് ഇവർക്ക് അമാനുഷിക ശക്തി മിന്നലേറ്റ് ലഭിക്കുന്നത്. ഇരുവരും പയ്യെ പയ്യെ അക്കാര്യം തിരിച്ചറിയുകയും ശക്തി ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നു. ഒരാൾ അത് പയ്യെ പയ്യെ നാടിന് എതിരായി ഉപയോഗപ്പെടുത്താനുള്ള രീതിയിലേക്ക് കൊണ്ട് എത്തിക്കുമ്പോൾ മറ്റെയാൾ അവർക്ക് രക്ഷകൻ ആകുന്നു.
നായകനും വില്ലനും അവരുടേതായ കഥയുണ്ട്. നായകന്റെ കഥ അല്പം ഹാസ്യം കലർത്തിയും വൈകാരികമായും ഹീറോ പരിവേഷത്തിലും അവതരിപ്പിച്ചപ്പോൾ വില്ലന്റെ കഥ വളരെയേറെ വൈകാരികമായി പ്രേക്ഷകരെ ബന്ധിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചത്.
ചിത്രത്തിന്റെ താരനിരയും സാങ്കേതിക വിഭാഗവും…
നായക-വില്ലൻ കഥാപത്രങ്ങളെ ടോവിനോ തോമസം ഗുരു സോമസുന്ദരവും യഥാക്രമം അവതരിപ്പിച്ചപ്പോൾ അവർക്ക് പകരംവെക്കാൻ മറ്റൊരുമില്ല എന്ന തലത്തിൽ അവർ അവരുടെ ഭാഗം മികച്ചതാക്കി. സൂപ്പർഹീറോകളെ കുറിച്ചും സൂപ്പർ പവറുകളെ പറ്റിയും നായകന് ധാരണ നൽകിയ നായകന്റെ പെങ്ങളുടെ മോൻ ജോസ്മോൻ ആയി എത്തിയത് വസിഷ്ഠ് ഉമേഷ് ആണ്. നായിക ആയ ബ്രൂസ് ലീ ബിജി ആയി എത്തിയത് ഫെമിന ജോർജ് ആണ്. ഇവരും അവരുടെ വേഷങ്ങൾ മികച്ചതാക്കി. മറ്റ് കഥാപത്രങ്ങളെ അവതരിപ്പിച്ച ഹരിശ്രീ അശോകൻ, അജു വർഗീസ്, ബൈജു, ബിജുക്കുട്ടൻ, മാമുക്കോയ, ജൂഡ് ആന്റണി എന്നിവർ എല്ലാം മികച്ചു നിന്നു.
ഈ സൂപ്പർ ഹീറോ ചിത്രത്തിന് മികച്ച തിരക്കഥ ഒരുക്കിയത് അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ആണ്. സമീർ താഹിർ ആണ് മികച്ച ദൃശ്യ വിരുന്ന് ഒരുക്കി ഛായാഗ്രഹണം നിർവഹിച്ചത്. ലിവിങ്സ്റ്റൺ മാത്യുവിന്റെ എഡിറ്റിംഗ് മികവും ശുഷിൻ ശ്യാം, ഷൻ റഹ്മാൻ എന്നിവരുടെ സംഗീതവും പ്രേക്ഷകരെ മിന്നൽ മുരളിയുടെ ലോകത്തേക്ക് എത്തിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്.
നിരൂപകർ വിലയിരുത്തുന്നത്…
ദേശീയ മാധ്യമങ്ങളിലെ നിരൂപകർ ഉൾപ്പെടെ എല്ലവരും തന്നെ മികച്ച അഭിപ്രായങ്ങൾ ആണ് മിന്നൽ മുരളിയ്ക്ക് നൽകിയത്. ദ ഇന്ത്യൻ എക്‌സ്പ്രെസ്സ് 5ൽ 3.5 റേറ്റിംഗ് ആണ് നൽകിയത്. എല്ലാ മികച്ച സൂപ്പർഹീറോ സിനിമകളെയും പോലെ, ഇത് കമിങ് ഓഫ് ഏജ് ചിത്രമാണ്, നഷ്ടപ്പെട്ട കുട്ടി ഒടുവിൽ ദിശ കണ്ടെത്തുന്നു, അവൻ എവിടെ നിന്നാണ് വന്നതെന്നും എവിടേക്ക് പോകണമെന്നും അറിയുന്നു. തുടർചിത്രങ്ങളിൽ ആദ്യത്തെ ചിത്രമാണ് ഇതെന്ന് അവർ കുറിച്ചു. ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, മ്യൂസിക്, സ്‌പെഷ്യൽ എഫക്ട്, ആർട്ട് ഡയറക്ഷൻ, പ്രൊഡക്ഷൻ ഡിസൈൻ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളെയും ഹിന്ദുസ്ഥാൻ ടൈംസ് പ്രശംസിച്ചു.
പ്രേക്ഷകർ വിലയിരുത്തുന്നത്…
വലിയ പ്രതീക്ഷയോടെ കാണുന്ന പ്രേക്ഷകരെ പോലും സംതൃപ്തിപെടുത്താൻ മിന്നൽ മുരളിക്ക് കഴിയുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ഹോളിവുഡ് സൂപ്പർ ഹീറോ ചിത്രങ്ങൾ കണ്ട് കയ്യടിച്ചവർക്ക് മുന്നിലേക്ക് ബഡ്ജറ്റ് പരിമിതികൾക്ക് ഉള്ളിൽ നിന്ന് ഇത്തരത്തിൽ ഒരു സൂപ്പർ ഹീറോ ചിത്രം എടുത്തു കയ്യടി നേടുക എന്നത് ചിത്രത്തിന്റെ മികച്ച ക്വാളിറ്റിയെ സൂചിപ്പിക്കുന്ന ഒന്നാണ്.
ഇനി എന്ത്…
പ്രേക്ഷകർ തുടർഭാഗങ്ങൾ ആഗ്രഹിക്കും എന്നത് തീർച്ചയാണ്. സിനിമ അവസാനിപ്പിച്ചതും ആ സൂചനകൾ നൽകിയാണ്. മിന്നൽ മുരളി എന്നത് ഒരു ബ്രാൻഡ് നെയിം വലുപ്പത്തിൽ ഉയരുകയും ആരാധകരെ സൃഷ്ടിക്കുകയും ചെയ്യുന്നതോട് കൂടി അണിയറപ്രവർത്തകർക്ക് തുടർഭാഗങ്ങൾ ചെയ്യാൻ വലിയ പ്രചോദനമാകും എന്നത് തീർച്ചയാണ്. ഇനി ആരാധകരുടെ കാത്തിരിപ്പും അതിനാണ്.