ഓഗസ്റ്റ് സിനിമ അല്ല, കേരളത്തിലെ തീയേറ്ററുകളിൽ രജനി ചിത്രം 2.0 എത്തിക്കുന്നത് മിനി സ്റ്റുഡിയോ!
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം എന്തിരന്‍റെ രണ്ടാം ഭാഗമായ 2.0 കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ഓഗസ്റ്റ് സിനിമ ആണെന്ന് മുൻപ് വാർത്തകൾ വന്നിരുന്നു. ഔദ്യോധികമായി ഓഗസ്റ്റ് സിനിമ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് മിനി സ്റ്റുഡിയോ ആയിരിക്കും എന്ന് ഇപ്പോൾ സ്ഥിരീകരണം വന്നിരിക്കുക ആണ്.
ശങ്കർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് മിനി സ്റ്റുഡിയോയിലൂടെ കേരളത്തിൽ നേരിട്ട് വിതരണത്തിന് എത്തിക്കും. രജനികാന്തിന്‍റെ മരുമകനും നടനുമായ ധനുഷിന്റെ ഉടമസ്ഥതയിൽ ഉള്ള വണ്ടർബാർ ഫിലിംസുമായി സഹകരിച്ചാണ് മിനി സ്റ്റുഡിയോസിന്റെ പ്രവർത്തനം.
ലോകമെമ്പാടുമുള്ള രജനി ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരള ബോക്സ് ഓഫീസിൽ നിന്ന് വമ്പൻ നേട്ടങ്ങൾ കൊയ്യും എന്നാണ് വിലയിരുത്തലുകൾ. അന്യഭാഷാ ചിത്രങ്ങളിൽ രാജമൗലി ചിത്രം ബാഹുബലി 2 ആണ് കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രം. 50 കോടിയിലധികം കളക്ഷൻ കേരളത്തിൽ നിന്ന് ചിത്രം നേടിയിരുന്നു. വിജയ് ചിത്രം മെർസൽ 22 കോടി ആണ് കേരള ബോക്സ്ഓഫീസിൽ നിന്ന് നേടിയത്. ഈ റെക്കോർഡുകൾ 2.0 തകർക്കുമോ എന്ന് കണ്ടറിയാം.
അതെസമയം, 2.0 റിലീസിന് മുൻപ് പാ രഞ്ജിത്ത് ഒരുക്കുന്ന രജനി ചിത്രമായ കാല തീയേറ്ററുകളിൽ എത്തും. ജൂൺ 7ന് ആണ് കാല പുറത്തിറങ്ങുന്നത്. ഈ ചിത്രവും കേരളത്തിൽ എത്തിക്കുന്നത് മിനി സ്റ്റുഡിയോ ആണ്.