സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചു മരക്കാർ പുതിയ പോസ്റ്റർ; യുദ്ധം വരുന്നു..!
കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ ചിത്രത്തെ കുറിച്ചുള്ള ചർച്ചകളും ഫാൻസ് ഷോകളുടെ വിവരങ്ങളും ഇതിന്റെ പോസ്റ്ററുകളും സാങ്കേതിക നിലവാരത്തെ കുറിച്ചുള്ള പ്രതീക്ഷകളുമെല്ലാമായി വലിയ കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികളും മോഹൻലാൽ ആരാധകരും.
മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇന്ന് റിലീസ് ചെയ്തു. അക്ഷരാർത്ഥത്തിൽ സോഷ്യൽ മീഡിയയെ ഇളക്കി മറിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഈ പുതിയ പോസ്റ്ററും നേടിയെടുക്കുന്നത്. മോഹൻലാൽ, സുനിൽ ഷെട്ടി, അർജുൻ, സിദ്ദിഖ്, പ്രഭു തുടങ്ങിയവയെല്ലാം ഈ പോസ്റ്ററിൽ നമ്മുക്ക് കാണാൻ സാധിക്കും. യുദ്ധ രംഗങ്ങൾ നിറഞ്ഞ ഒരു പോസ്റ്ററാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.
ഈ വർഷം മാർച്ച് 26 നു ആഗോള തലത്തിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അൻപതിലധികം ലോക രാജ്യങ്ങളിലായി അയ്യായിരത്തിലധികം സ്‌ക്രീനുകളിലാണ് എത്തുക. അഞ്ചു ഭാഷകളിൽ ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുക എന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും മരക്കാർ. അതുപോലെ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രം കൂടിയാണ് ഇത്. നൂറു കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്.