മമ്മൂട്ടിയുടെ ‘റോഷാക്ക്’; ത്രില്ലർ ചിത്രത്തിന്‍റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്…

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി യുവ സംവിധായകൻ നിസാം ബഷീറർ സംവിധാനം ചെയ്യുന്ന ചിത്രമായ ‘റോഷാക്ക്’ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിക്കുന്ന ഒരു ചിത്രമാണ്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും എല്ലാം പ്രേക്ഷകരിൽ പുതുമയും കൗതുകവും ആണ് നിറച്ചത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ കാത്തിരിക്കുക ആണ് പ്രേക്ഷകർ.
റോഷാക്കിന്റെ കേരളത്തിലെ ചിത്രീകരണം പൂർത്തിയായിരിക്കുക ആണ്. 95 ശതമാനം ചിത്രീകരണവും പൂർത്തിയായ ചിത്രത്തിന്റെ ഇനിയുള്ള ഷെഡ്യൂൾ ദുബായിൽ ആണ് നടക്കുക. വളരെ പ്രാധാന്യമേറിയ രംഗങ്ങൾ ആണ് ദുബായിൽ ചിത്രീകരിക്കുക എന്ന് ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മറ്റൊരു റിപ്പോർട്ട് വരുന്നത് അനുസരിച്ചു ചിത്രം ഓണത്തിന് റിലീസ് ഉണ്ടാവില്ല എന്നാണ്. ദുബായിലെ ചിത്രീകരണത്തിന് ശേഷം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാൻ അധികം സമയം വേണ്ടി വരും എന്നാണ് റിപ്പോർട്ട്.
ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. സമീർ അബ്‌ദുൾ തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേയ്‌സ് ആന്റണി, ബിന്ദു പണിക്കർ, ബാബു, അനീഷ് ഷൊർണൂർ, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. യുവതാരം ആസിഫ് അലിയുടെ ഒരു കാമിയോ റോളിൽ എത്തുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നിസാമിന്റെ ആദ്യ സംവിധാന സംരഭവമായ ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത് ആസിഫ് അലി ആയിരുന്നു. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്. മിഥുൻ മുകുന്ദൻ സംഗീതം ഒരുക്കുന്നു.