ത്രില്ലടിപ്പിക്കാൻ മമ്മൂട്ടി കമ്പനിയുടെ രണ്ടാം ചിത്രം; ചിത്രീകരണം തുടങ്ങി…
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രം നിർമ്മിച്ച് മമ്മൂട്ടിയുടെ പുതിയ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി നിലവിൽ വന്നിരുന്നു. ഇതേ ബാനറിൽ രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചിരുന്നു. അഭിനേതാവ് ആയും മമ്മൂട്ടി ഭാഗമാകുന്ന ഈ ചിത്രം നിസാം ബഷീർ ആണ് സംവിധാനം ചെയ്യുന്നത്. ഇപ്പോള്‍ ചിത്രീകരണത്തിലേക്ക് കടക്കുക ആണ് ഈ ചിത്രം.
ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ചാലക്കുടിയിൽ നടന്നു. ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ചടങ്ങില്‍ പങ്കുചേര്‍ന്നു. നായകന്‍ മമ്മൂട്ടി ഏപ്രിൽ 3ന് ടീമിന് ഒപ്പം ചേരും എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, ജഗദീഷ്, കോട്ടയം നസീർ, ഷറഫുദ്ദീൻ തുടങ്ങിയവരും ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. വളരെ പ്രാധാന്യമേറിയ റോളുകളിൽ ആണ് ഇവർ ചിത്രത്തിൽ എത്തുന്നത്.
ആസിഫ് അലിയെ നായകനാക്കി ‘കെട്ട്യോളാണ് എൻ്റെ മാലാഖ’ എന്ന ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയനായ നിസാം ബഷീറിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ത്രില്ലർ ജോണറിൽ ഉള്ളൊരു ചിത്രമാണ് ഇതെന്ന് സംവിധായകൻ മുൻപേ തന്നെ വെളിപ്പെടുത്തിയിരുന്നു. എൻ.എം ബാദുഷ ചിത്രത്തിൻ്റെ സഹനിർമാതാവ് ആണ്.
ഇബ്ലീസ്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥാ ഒരുക്കിയ സമീർ അബ്‌ദുൾ ആണ് ഈ മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമീഷ് രവിയാണ്. മിഥുൻ മുകുന്ദൻ ആണ് സംഗീതം ഒരുക്കുന്നത്. കിരൺ ദാസ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.