‘വിക്രം’, ‘പൃഥ്വിരാജ്’, ‘മേജർ’; ബോക്സ് ഓഫീസിൽ വമ്പൻ ഏറ്റുമുട്ടൽ…

മറ്റൊരു വമ്പൻ ഏറ്റുമുട്ടലിന് ആണ് ബോക്സ് ഓഫീസ് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. തമിഴ്, തെലുങ്ക്, ബോളിവുഡ് തുടങ്ങിയ ഫിലിം ഇൻഡസ്ട്രികളിലെ വമ്പൻ ചിത്രങ്ങൾ ഒരേ ദിവസം എത്തുകയാണ് നാളെ (ജൂൺ 3ന്). തമിഴിൽ നിന്ന് കമൽ ഹാസസൻ നായകനാകുന്ന ‘വിക്രം’, ബോളിവുഡിൽ നിന്ന് അക്ഷയ് കുമാർ ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജ്’, തെലുങ്കിൽ നിന്ന് അദിവി ശേഷിന്റെ ‘മേജർ’ എന്നിവയാണ് നാളെ റിലീസ് ആവുന്ന വമ്പൻ ചിത്രങ്ങൾ.
ബോളിവുഡിലെ വമ്പൻ ചിത്രങ്ങൾ ഒക്കെയും ബോക്സ് ഓഫീസിൽ തകരുകയും സൗത്ത് ഇന്ത്യൻ സിനിമകൾക്ക് പാൻ ഇന്ത്യൻ തലത്തിൽ തരംഗം സൃഷ്ടിച്ചു മുന്നേറുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ ആണ് വീണ്ടും ഒരു ബോക്സ് ഓഫീസ് ക്ലാഷ് ഉണ്ടാവുന്നത്. അത് കൊണ്ട് അക്ഷയ് കുമാർ ചിത്രത്തിൽ ആണ് ബോളിവുഡിന്റെ പ്രതീക്ഷ. ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടിക്കറ്റ് സെയ്ല്സ് മികച്ചതല്ല എന്നാണ് റിപ്പോര്‍ട്ട്. മുൻകൂർ ബുക്കിംഗ് ട്രെൻഡുകളിൽ ‘സാമ്രാട്ട് പൃഥ്വിരാജ്’ ഹൈപ്പിന് അനുസൃതമായ പ്രകടനം കാഴ്ചവെക്കുന്നില്ല.
വലിയ ഒരു ഹൈപ്പ് സൃഷ്ടിച്ചു കൊണ്ടാണ് കമൽ ഹാസന്റെ വിക്രം എത്തുന്നത്. ലോകേഷ് കനാഗരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ എന്നീ താരങ്ങളും അണിനിരക്കുന്നതും വലിയ പ്രതീക്ഷ പ്രേക്ഷകരിൽ നിറയ്ക്കുന്നുണ്ട്. ടിക്കറ്റ് ബുക്കിങ്ങിലും ചിത്രത്തിന്റെ ഹൈപ്പ് പ്രതിഭലിക്കുന്നുണ്ട്. തമിഴ് നാട്ടിൽ 1100 സ്ക്രീനുകളിൽ 800 സ്ക്രീനുകളിലും വിക്രം പ്രദർശിപ്പിക്കും എന്നാണ് റിപ്പോർട്ട്. കേരളത്തിൽ ആകട്ടെ നിവിൻ പോളിയുടെ തുറമുഖം റിലീസ് മാറ്റിയതിനാൽ അത് പ്രദർശിപ്പിക്കാനിരുന്ന തീയേറ്ററുകളിലും വിക്രം എത്തും.
അതേ സമയം, വീരമൃത്യു വരിച്ച സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജറിനും മികച്ച രീതിയിൽ ബുക്കിങ് ഉണ്ടെന്നാണ് റിപ്പോർട്ട്. ശശി കിരൺ ടിക്ക സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും ഗാനങ്ങളും എല്ലാം ശ്രദ്ധേയമായിരുന്നു. സൂപ്പർസ്റ്റാർ മഹേഷ് ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പ്രോമോഷൻ പരിപാടികളിൽ അദ്ദേഹവും നായകൻ അദിവി ശേഷിന് ഒപ്പം പങ്കെടുത്തിരുന്നു. തെലുങ്ക് സംസ്ഥാനങ്ങളിൽ 600 ഓളം സ്ക്രീനുകളിൽ ആണ് ചിത്രം എത്തുന്നത്. തെലുങ്ക് കൂടാതെ ഹിന്ദി, മലയാളം പതിപ്പുകളിലും മേജർ എത്തുന്നുണ്ട്.