‘മരക്കാർ’ ചിത്രത്തിൽ സംവിധാനസഹായി ആയുള്ള സേവനം പ്രിയദര്‍ശനുള്ള ഗുരുദക്ഷിണ എന്ന് മേജർ രവി
മലയാള സിനിമയെ ഞെട്ടിച്ചു കൊണ്ടുള്ള പ്രഖ്യാപനം ആയിരുന്നു മോഹൻലാൽ പ്രിയദർശൻ ടീമിന്‍റെ കുഞ്ഞാലി മരക്കാർ ചിത്രം. മരക്കാർ: അറബിക്കടലിന്‍റെ സിംഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രം 100 കോടി ബഡ്ജറ്റിൽ ആണ് നിർമ്മിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് ടി കുരുവിള, സി ജെ റോയ് എന്നിവർ ഈ ചിത്രത്തിന്‍റെ നിർമ്മാണത്തില്‍ പങ്കാളികൾ ആകുന്നു. ചിത്രത്തിൽ പ്രിയദർശന്‍റെ സംവിധാനസഹായി ആയി സംവിധായകൻ മേജർ രവി എത്തും.
സംവിധാനസഹായി ആയി കുഞ്ഞാലി മരക്കാർ ചിത്രത്തിന്‍റെ ഭാഗം ആകുന്ന കാര്യം ഫേസ്ബുക് ലൈവിലൂടെ മേജർ രവി തന്നെ ആണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. തന്‍റെ ഗുരുവാണ് പ്രിയദർശൻ എന്നും ഗുരുദക്ഷിണ ആയി കുഞ്ഞാലി മരക്കാർ ചിത്രത്തിൽ ജോലി സന്തോഷത്തോടെ ചെയ്യും എന്നദ്ദേഹം പറഞ്ഞു.
കുഞ്ഞാലി മരക്കാർ നാലാമന്‍റെ കഥ ആണ് മരക്കാർ: അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രം പറയുന്നത്. ഫാന്റസി കൂടി ഇടചേർന്ന് ആണ് ചിത്രമൊരുക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ഒരു വലിയ പ്രൊജക്റ്റ് ആണ് മരക്കാർ. ചിത്രത്തിന്‍റ പ്രധാന ആകർഷണം കടൽ യുദ്ധങ്ങൾ ആണ്. ഈ ചിത്രത്തിൽ ഗ്രാഫിക്സിന് വൻ പ്രാധാന്യം ആണ് ഉള്ളത്. പ്രശസ്തരായ താരങ്ങളും പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്‍റെ ഭാഗമാകും. നവംബറിൽ ആണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുന്നത്.
മോഹൻലാലിനെ നായകനാക്കി 1971 ബീയോണ്ട് ബോർഡേഴ്സ് എന്ന ചിത്രമാണ് മേജർ രവി സംവിധാനം ചെയ്ത അവസാന ചിത്രം. നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് മേജർ രവിയുടെ പുതിയ പ്രൊജക്റ്റ്. റോഷൻ ആൻഡ്രൂസ് – നിവിൻ പൊളി ചിത്രമായ കായംകുളം കൊച്ചുണ്ണി പൂർത്തിയായതിന് ശേഷം മേജർ രവി ചിത്രത്തിൽ ആയിരിക്കും നിവിൻ പൊളി അഭിനയിക്കുക. ഇതിനു ശേഷം മോഹൻലാലിനെ നായകനാക്കി ഒരു നാടൻ ചിത്രവും മേജർ രവി ചെയ്യുന്നുണ്ട്. പ്രിയന്‍റെ കുഞ്ഞാലി മരക്കാറിന് ശേഷം അടുത്ത വർഷം മാത്രമേ ആ ചിത്രം സംഭവിക്കുക ഉള്ളൂ.