ടോവിനോ തോമസ് ഇനി ധനുഷിന്റെ വില്ലൻ ..മാരി 2 വരുന്നു…
യുവനടൻ ടോവിനോ തോമസ് തന്‍റെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു കഴിഞ്ഞ വിവരം ഏവർക്കും അറിയാവുന്ന കാര്യം ആണല്ലോ. ബി ആർ വിജയ് ലക്ഷ്മി സംവിധാനം ചെയ്ത അഭിയുടെ കഥ അനുവിന്റെയും എന്ന മലയാളം – തമിഴ് ദ്വിഭാഷാ ചിത്രം ഇപ്പോൾ അതിന്‍റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. അധികം താമസിക്കാതെ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ ടോവിനോ ഒരു വമ്പൻ തമിഴ് ചിത്രത്തിന്‍റെ ഭാഗം ആയി മാറിയിരിക്കുകയാണ്. മാരി 2 ആണ് ആ വമ്പന്‍ ചിത്രം.
ധനുഷ് നായകൻ ആവുന്ന മാരി 2 എന്ന ചിത്രത്തിൽ വില്ലൻ ആയാണ് ടോവിനോ എത്തുന്നത്. ധനുഷിന്‍റെ വണ്ടർ ബാർ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മാരി എന്ന സൂപ്പർ ഹിറ്റ് ധനുഷ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ആണ്. 2015 ഇൽ പുറത്തിറങ്ങിയ മാരി എന്ന ചിത്രം ബാലാജി മോഹൻ ആണ് സംവിധാനം ചെയ്തത്.
ലിസ്റ്റിൻ സ്റ്റീഫൻ, ആർ ശരത് കുമാർ, രാധിക ശരത് കുമാർ, ധനുഷ് എന്നിവർ ചേർന്നാണ് മാരി നിർമ്മിച്ചത്. ചിത്രത്തിന്‍റെ സംവിധായകന്‍ ബാലാജി മോഹൻ തന്നെയാണ് ഈ ചിത്രം രചിച്ചതും.
പ്രശസ്ത മലയാളി ഗായകനും ഗാന ഗന്ധർവ്വൻ യേശുദാസിന്‍റെ മകനുമായ വിജയ് യേശുദാസ് ആണ് മാരിയിൽ വില്ലൻ വേഷം ചെയ്തത്, വിജയ് യേശുദാസിന്‍റെ നടനായുള്ള അരങ്ങേറ്റ ചിത്രം ആയിരുന്നു മാരി. ഒരു പോലീസ് ഓഫീസർ ആയാണ് വിജയ് യേശുദാസ് ആ ചിത്രത്തിൽ അഭിനയിച്ചത്.
ധനുഷ് മലയാളത്തിൽ നിർമ്മിച്ച ആദ്യ ചിത്രത്തിലും നിർമ്മിച്ച് കൊണ്ടിരിക്കുന്ന രണ്ടാമത്തെ ചിത്രത്തിലും ടോവിനോ ആണ് നായകൻ. ധനുഷ് നിർമ്മിച്ച് നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത തരംഗം എന്ന ചിത്രം അടുത്ത ആഴ്ച പ്രദർശനത്തിന് എത്തും.
അതുപോലെ ധനുഷ് നിർമ്മിക്കുന്ന മറ്റൊരു ചിത്രമാണ് മറഡോണ. നവാഗതനായ വിഷ്ണു നാരായണൻ ആണ് ടോവിനോ തോമസിനെ വെച് ഈ ചിത്രം ഒരുക്കുന്നത്. മാരി 2 , ടോവിനോ അഭിനയിക്കുന്ന ധനുഷിന്‍റെ നിർമ്മാണത്തിലെ മൂന്നാമത്തെ ചിത്രം ആയിരിക്കും. മലയാളത്തിലും കൈ നിറയെ ചിത്രങ്ങളും ആയി തിരക്കിൽ ആണ് ടോവിനോ.