“കെജിഎഫിനെക്കാൾ വലുത് വന്നാലും ഭീഷ്മപർവ്വം ആഘോഷിക്കും, ആ പടം ഒരു പടമാ”, ആരാധകന് പാർവതിയുടെ മറുപടി…
വലിയ ഒരു ബോക്സ് ഓഫീസ് ഹിറ്റ് ആയി തീയേറ്ററുകളിൽ നിറഞ്ഞോടുക ആണ് അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഭീഷ്മ പർവ്വം’. മെഗാസ്റ്റാർ മമ്മൂട്ടി മൈക്കിൾ എന്ന കഥാപാത്രമായി എത്തിയ ചിത്രം ആരാധകർക്കും പ്രേക്ഷകർക്കും ഒരേപോലെ ആഘോഷ വിരുന്ന് തന്നെ ആണ് ഒരുക്കിയത്. ചിത്രത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടരുമ്പോൾ ആരാധകന് ഭീഷ്മ പർവ്വത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത മാല പാർവതി നൽകിയ മറുപടിയും ശ്രദ്ധേ നേടുകയാണ്.
കന്നഡ സിനിമാ ലോകത്ത് നിന്ന് എത്തുന്ന കെജിഎഫ് 2 എന്ന ബ്രഹ്മാണ്ഡ ചിത്രം തീയേറ്ററുകളിൽ എത്തുന്നതുമായി ബന്ധപ്പെട്ട് ഒരു ആരാധകൻ ഇട്ട കമന്റിന് ആണ് പാർവതി മറുപടി നൽകിയത്. കെജിഎഫ് പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ആരാധകന്റെ കമന്റ് ഇങ്ങനെ ആയിരുന്നു: “ഈ ഒരു ഐറ്റം വരുവോളം തള്ളി മറിച്ചോ കേട്ടോ അതുകഴിഞ്ഞു ഇച്ചിരി കുറക്കാൻ നോക്കണം”.
അതിന് പാർവതി നൽകിയ ഉത്തരം ഇങ്ങനെ: “ഒരു കാര്യം പറഞ്ഞോട്ടെ. കോമഡി ആയിട്ട് എടുത്താൽ മതി. കെജിഎഫ് എന്ന ഐറ്റം വരുമ്പോൾ, അത് ‘വേറെ’ ആൾക്കാരുടെ ആണെന്നും, അതിൽ നിങ്ങൾക്കൊന്നും ഒരു ഇടവുമില്ല എന്നാണല്ലോ, ഈ മെസേജ് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ ഒരു തിരുത്തുണ്ട്. കെജിഎഫ്ഉം എനിക്ക് തള്ളി മറക്കാം.കാരണം കെജിഎഫ് മലയാളം വേർഷനിൽ പ്രധാനപ്പെട്ട ഒരു കഥാപത്രത്തിന് എൻ്റെ ശബ്ദമാണ്. അത് കൊണ്ട് പേടിപ്പിക്കരുത്. എന്നല്ല ഇനി കെജിഎഫ് നെക്കാൾ വലുത് എന്തെങ്കിലും വന്നാലും.. ഭീഷ്മപർവ്വം ആഘോഷിക്കും. കാരണം, ആ പടം ഒരു പടമാ!”
പാർവതിയുടെ ഈ കമന്റിന് പിന്തുണയുമായി നിരവധി ആരാധകരും എത്തി. ഭീഷ്മ പർവ്വം പോലെ കെജിഎഫിന്റെയും ഭാഗമാണ് പാർവതി എന്ന പുതിയ അറിവും ആരാധകർക്ക് ലഭിച്ചിരിക്കുക ആണ്. ചിത്രത്തിന്റെ മലയാളം പതിപ്പിൽ ഒരു പ്രധാന കഥാപാത്രത്തിന് ഡബ്ബ് ചെയ്തതിലൂടെ ആണ് താരം ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത്.