‘കുറുപ്പ്’ ചിത്രം എങ്ങനെയുണ്ട്; നിരൂപകരും പ്രേക്ഷകരും പറയുന്നത് എന്ത്…?

ഇന്ന് തീയേറ്ററുകളിൽ റിലീസിന് എത്തിയ ചിത്രമാണ് ദുൽഖർ സൽമാന്‍റെ കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാൻ തന്നെ ആണ്. ആദ്യ ദിവസത്തെ പ്രദർശനം കഴിയുമ്പോൾ കുറുപ്പിനെ കുറിച്ചു എന്താണ് പ്രേക്ഷകർക്കും നിരൂപകർക്കും പറയാൻ ഉളളത് എന്ന് നോക്കാം.
കുറുപ്പിന്‍റെ കഥ…
എല്ലാവർക്കും പരിചിതമാണ് ഈ കഥ. ഇൻഷുറൻസ് തുക കൈക്കൽ ആക്കാൻ ചാക്കോ എന്ന മനുഷ്യനെ കൊല ചെയ്തു അത് സ്വന്തം മരണമാക്കി ആസൂത്രണം ചെയ്ത സുകുമാര കുറുപ്പ് എന്ന പിടികിട്ടാപുള്ളിയുടെ കഥയാണ് ചിത്രം പറയുന്നത്. ഗോപി കൃഷ്ണ കുറുപ്പ്/സുധാകര കുറുപ്പ് എന്ന പേരിൽ ആണ് ചിത്രത്തിൽ ഈ കഥാപാത്രം എത്തുന്നത്. 60കളും 70കളും തൊട്ട് 2000 തുടക്കം വരെ പല കാലഘട്ടങ്ങൾ കഥ പറച്ചിലിൽ വരുന്നുണ്ട്. ആർമിയിലായിരുന്നു കുറുപ്പ് എങ്ങനെ ഒളിച്ചോടി പ്രവാസി ആയെന്നും പിന്നീട് എങ്ങനെ ഒരു പാവം മനുഷ്യനെ കൊലപ്പെടുത്താൻ ആസൂത്രണങ്ങൾ നടത്തി ആ കുറ്റകൃത്യം നടപ്പാക്കി ശേഷം പിടികിട്ടാപ്പുള്ളി ആയതുമായ കഥ ചിത്രം പറയുന്നു.
കുറുപ്പ് നിരൂപകരുടെ കണ്ണിലൂടെ…
കുറിപ്പിന് 3.5 റേറ്റിംഗ് നൽകി കൊണ്ട് മികച്ച അഭിപ്രായം ആണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ദീപ സോമൻ നൽകിയിരിക്കുന്നത്. കുറുപ്പിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങൾ പറയുന്ന ഈ കഥ എഡ്ജ് ഓഫ് സീറ്റ് അനുഭവം നൽകുന്നതിൽ വിജയിക്കുന്നു എന്ന് നിരൂപക അഭിപ്രായപ്പെടുന്നു. ദുൽഖർ, ഷൈൻ ടോം ചാക്കോ, ഇന്ദ്രജിത്, ഷോബിത തുടങ്ങി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന അതിഥി താരങ്ങളായി എത്തുന്ന പ്രമുഖ താരങ്ങൾ വരെ അവരുടെ ഭാഗങ്ങൾ മികച്ചതാക്കി. കഥ നടക്കുന്ന പല കാലഘട്ടങ്ങൾ മികച്ച രീതിയിൽ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. അവിസ്മരണീയമായ ട്രാക്കുകളും സ്കോറുകളും ഒരുക്കിയ മ്യൂസിക് ഡിപ്പാർട്ട്‌മെന്റിനേയും നിരൂപ പ്രശംസിക്കുന്നു.
ട്രെയിലറും ടീസറും ഒക്കെ പുറത്ത് വന്നപ്പോൾ ഒരു കൊലയാളിയെ ഗ്ലോറിഫൈ ചെയ്യുന്നു എന്ന തരത്തിൽ വിമർശനങ്ങൾ കുറുപ്പ് ടീമിന് നേരിടേണ്ടി വന്നിരുന്നു. കുറുപ്പ് ടീം ചാക്കോയുടെ കുടുംബത്തിന് പ്രത്യേക സ്ക്രീനിങ് ഒരുക്കുകയും അവർക്ക് ചിത്രത്തിനോട് എതിർപ്പ് ഇല്ല എന്ന അറിയിക്കുകയും ഉണ്ടായി, എങ്കിൽ പോലും പല ഘട്ടങ്ങളിലും പഞ്ച് ഡയലോഗുകളിലൂടെയും ത്രസിപ്പിക്കുന്ന ബിജിഎംലൂടെയും കുറുപ്പ് ആഘോഷിക്കപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കാൻ ആവില്ല എന്ന് നിരൂപ പറയുന്നു. കുറുപ്പിനെ മോശം മനുഷ്യനായി സിനിമ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോളും പ്രേക്ഷകരിലേക്ക് ആകെ തുകയായി എത്തുമ്പോൾ അത് ഗ്ലോറിഫിക്കേഷൻ ആയി മാറുന്നു എന്ന് നിരൂപക അഭിപ്രയാപ്പെടുന്നു.
ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതികരണങ്ങള്‍…
സോഷ്യൽ മീഡിയയിൽ നിന്ന് മനസ്സിലാക്കാവുന്ന ആരാധക പ്രതികരണങ്ങളിൽ നിന്ന് വ്യക്തം ആകുന്ന പൂർണമായും അവരെ സംതൃപ്തിപെടുത്താൻ ചിത്രത്തിന് കഴിഞ്ഞു എന്നാണ്. കുറേ നാളുകൾക്ക് ശേഷം ആണ് ഒരു ദുൽഖർ ചിത്രത്തിന് മികച്ചൊരു സെക്കന്റ് ഹാഫും ക്ലൈമാക്‌സും ഉണ്ടാവുന്നത് എന്നും ഇതൊരു ക്ലാസിക് ചിത്രം ആണെന്നും ആരാധകർ പറയുന്നു. അതേ സമയം ആദ്യ പകുതി രണ്ടാം പകുതിയേക്കാൾ മികച്ചു നിൽക്കുന്നു എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് കുറിപ്പിന് ഒരു ഹീറോയിക്ക് പരിവേഷം നൽകി ആണ് അവസാനിക്കുന്നത് എന്ന വിമർശനവും പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.
അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും തിയേറ്ററുകൾ തുറന്നതിന് ശേഷം പ്രേക്ഷകരെ ആകർഷിക്കാൻ കഴിയുന്ന വലിയ ഒരു ചിത്രം ബിഗ് സ്ക്രീനിൽ കാണാൻ കഴിഞ്ഞ സന്തോഷം സോഷ്യൽ മീഡിയയിൽ നിരവധിപ്പേർ പ്രകടിപ്പിപ്പിച്ചു.