മമ്മൂട്ടി കോട്ടയം കുഞ്ഞച്ചൻ ആയി അവതരിക്കും; ട്രോളുകൾക്ക് നന്ദി പറഞ്ഞു നിർമ്മാതാവ് വിജയ് ബാബു!
കോപ്പി റൈറ്റ്സ് പ്രശ്നങ്ങൾ കാരണം വിവാദത്തിൽ ആയ ‘കോട്ടയം കുഞ്ഞച്ചൻ 2’ എന്ന ചിത്രം അതേ പേരിൽ തന്നെ പുറത്തിറങ്ങും എന്ന് നിർമ്മാതാവ് വിജയ് ബാബു അറിയിച്ചു. മിഥുൻ മാനുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ചു ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ചർച്ചകളിലൂടെ പരിഹരിച്ചതായി വിജയ് ബാബു പറഞ്ഞു.
കോട്ടയം കുഞ്ഞച്ചൻ 2 എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക എന്നും മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ പ്രേക്ഷകരുടെ മുന്നിൽ എത്തും എന്നും വിജയ് ബാബു പറഞ്ഞു. കോട്ടയം കുഞ്ഞച്ചൻ ആദ്യ ഭാഗത്തിന്‍റെ അണിയറപ്രവർത്തക്കുള്ള നന്ദി അറിയിക്കാനും വിജയ് ബാബു മറന്നില്ല.
കൂടാതെ ടൈറ്റിൽ അന്നൗൻസ് ചെയ്തപ്പോൾ മുതൽ ആവേശത്തോടെ കൂടെ നിന്നവർക്കും വിവാദം ഉണ്ടായപ്പോൾ ട്രോൾ ചെയ്ത ട്രോളന്മാർക്കും വിജയ് ബാബു നന്ദി അറിയിച്ചു. ചിത്രത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടും എന്നും വിജയ് ബാബു അറിയിച്ചു.
ജയസൂര്യ ചിത്രം ആട് 2വിന്റെ വിജയാഘോഷ ചടങ്ങിൽ വെച്ചായിരുന്നു മലയാള സിനിമയെയും പ്രേക്ഷകരെയും ഞെട്ടിച്ചു മമ്മൂട്ടിയെ സാക്ഷിയാക്കി കൊണ്ട് കോട്ടയം കുഞ്ഞച്ചൻ 2 എന്ന ചിത്രം ഫ്രൈഡേ ഫിലിംസിന്‍റെ പുതിയ പ്രൊജക്റ്റ് ആയി വിജയ് ബാബു പ്രഖ്യാപിച്ചത്. തുടർന്ന് ആദ്യ ഭാഗത്തിന്‍റെ അണിയറപ്രവർത്തകർ രംഗത്ത് വരികയും മറ്റൊരു പേരിൽ ഈ ചിത്രം ചെയ്യും എന്നും അറിയിക്കുക ആയിരുന്നു. ഇപ്പോൾ ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു കൊണ്ട് കുഞ്ഞച്ചൻ ആയി തന്നെ മമ്മൂട്ടി എത്തും എന്ന് ഉറപ്പു നല്കിയിരിക്കുക ആണ് വിജയ് ബാബു.