in

ദുൽഖറിന്റെ ‘കിംഗ്‌ ഓഫ് കൊത്ത’ ആരംഭിച്ചു; റിലീസ് രണ്ട് ഭാഗങ്ങളായി?

ദുൽഖറിന്റെ ‘കിംഗ്‌ ഓഫ് കൊത്ത’ ആരംഭിച്ചു; റിലീസ് രണ്ട് ഭാഗങ്ങളായി?

ദുൽഖർ സൽമാന്റെ സ്വപ്ന ചിത്രം എന്ന് വിശേഷിപ്പിക്കുന്ന ചിത്രമാണ് ‘കിംഗ്‌ ഓഫ് കൊത്ത’. മാസ് പരിവേഷത്തിൽ ദുൽഖർ അഭിനയിക്കുന്ന ഈ ചിത്രം സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആണ് സംവിധാനം ചെയ്യുന്നത്. താരം എന്ന നിലയിൽ ദുൽഖറിനെ ഏറ്റവുമധികം ഉപയോഗപ്പെടുത്താൻ പോകുന്ന ഈ ചിത്രം ഒരുങ്ങുന്നത് വമ്പൻ ബഡ്‌ജറ്റിൽ ആണ്. ദുൽഖർ തന്നെയാണ് ചിത്രത്തിന്റെ നിർമ്മാണവും. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് തിരക്കഥ രചിച്ച അഭിലാഷ് എൻ ചന്ദ്രൻ ആണ് ഈ ചിത്രവും രചിച്ചത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

തമിഴ് നാട്ടിലെ കാരക്കുടി എന്ന സ്ഥലത്ത് ആണ് കിംഗ്‌ ഓഫ് കൊത്തയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ മധുരൈയിലാണ് ചിത്രീകരിക്കുക. ഒരു സാങ്കൽപ്പിക സ്ഥലത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുക. ഈ ചിത്രത്തിലൂടെ സാമന്ത മലയാളത്തിൽ നായിക ആയി അരങ്ങേറ്റം കുറിക്കും എന്ന റൂമറുകൾ മുൻപ് വന്നിരുന്നു. ഐശ്വര്യ ലക്ഷ്മി ആണ് നായിക എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ആണ് ഇപ്പോൾ പുതിയതായി വരുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായി ആയിരിക്കും തിയേറ്ററുകളില്‍ എത്തുക എന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഗോപി ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തും എന്ന റിപ്പോർട്ടും വരുന്നുണ്ട്. ദുൽഖർ സൽമാൻ നായകനാകുന്ന ഈ ചിത്രത്തിലെ ഗാനങ്ങളും ഒറിജിനൽ സ്‌കോറും ഒരുക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ ഷാൻ റഹ്‌മാൻ ആണെന്നാണ് വിവരം. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ തന്നെ പുറത്തുവിടും എന്ന് പ്രതീക്ഷിക്കാം.

ബിടെക് ടീമിന്‍റെ ആക്ഷൻ പാക്കഡ് ത്രില്ലർ ‘കാസർഗോൾഡ്’ തുടങ്ങി…

ആന്ധ്രയുടെ പശ്ചാത്തലത്തിൽ ഒരു ലോക്കൽ ഗുസ്തി പടം; ലാൽ-ലിജോ ചിത്രത്തിന്‍റെ വിവരങ്ങൾ ഇതാ…