വിവിധ ജോണറുകളിൽ ആറ് ചിത്രങ്ങൾ ഇന്ന് തിയേറ്ററുകളിൽ…

ഇന്ന് (ഫെബ്രുവരി 17, 2023) കേരളത്തിലെ തിയേറ്ററുകളിൽ ആറ് ചിത്രങ്ങൾ ആണ് റിലീസ് ചെയ്യുന്നത്. അവയിൽ മൂന്ന് മലയാളം ചിത്രങ്ങൾ, ഒരു തമിഴ്/തെലുങ്ക് ചിത്രം , ഒരു ബോളിവുഡ് ചിത്രം, ഒരു ഇംഗ്ലീഷ് ചിത്രംഎന്നിവ ഉൾപ്പെടുന്നു. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള റൊമാന്റിക് ഡ്രാമയായ ‘ക്രിസ്റ്റി’ ആണ് ഇന്ന് റിലീസ് ചെയ്യുന്ന മലയാളം ചിത്രങ്ങളിലൊന്ന്. മാത്യു തോമസും മാളവിക മോഹനനും യഥാക്രമം പ്രധാന കഥാപാത്രങ്ങളായ റോയിയും ക്രിസ്റ്റിയും ആയി എത്തുന്ന ചിത്രം കൗമാരക്കാരന് ട്യൂഷൻ ടീച്ചറിനോട് തോന്നിയ പ്രണയത്തെകുറിച്ചുള്ള കഥായാണ് പറയുക.
ലൈറ്റ്-ഹേർട്ടഡ് കോമഡി ആയി ഒരുക്കിയ ‘എങ്കിലും ചന്ദ്രികേ’ ആണ് ഇന്ന് റിലീസ് ചെയ്യുന്ന മറ്റൊരു മലയാള ചിത്രം. ഒരു സുഹൃത്തിന്റെ കല്യാണം തങ്ങളെ അറിയിക്കാതെ നിശ്ചയിച്ചതറിഞ്ഞ് മറ്റ് സുഹൃത്തുക്കൾ നടത്തുന്ന ചില പരാക്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം എന്ന് ട്രെയിലർ സൂചന നൽകിയിരുന്നു. നിരഞ്ജന അനൂപ്, സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ്, അഭിരാം രാധാകൃഷ്ണൻ, തൻവി റാം എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലാൽ, അനഘ നാരായണൻ, നിരഞ്ജ് രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്ത ‘ഡിയർ വാപ്പി’യും ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. നിരഞ്ജിന്റെ കഥാപാത്രത്തിന്റെ വരവോടെ നിർണായക വഴിത്തിരിവുണ്ടാകുന്ന ചിത്രം അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ ഹൃദ്യമായ കഥയാണ് പറയുന്നത്.
വെങ്കി അറ്റ്‌ലൂരിയുടെ സംവിധാനത്തിൽ ധനുഷും സംയുക്തയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു പീരിയഡ് ആക്ഷൻ ഡ്രാമ ചിത്രമാണ് ‘വാത്തി’. തെലുങ്കിൽ സർ എന്ന പേരിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനെതിരെ പോരാടുന്ന ഒരു യുവാവിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥാതന്തു. ജിവി പ്രകാശ് കുമാർ സംഗീതം പകർന്ന ചിത്രത്തിന്റെ നിർമ്മാണം നാഗ വംശി എസ്, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.
രോഹിത് ധവാൻ സംവിധാനം ചെയ്ത ഒരു റൊമാന്റിക്-ആക്ഷൻ ചിത്രമായ ‘ഷെഹ്‌സാദ’യാണ് ഇന്ന് തിയേറ്ററുകളിൽ എത്തുന്ന ബോളിവുഡ് ചിത്രം. കാർത്തിക് ആര്യനും കൃതി സനോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം 2020 ൽ പുറത്തിറങ്ങിയ അല്ലു അർജുന്റെ ‘അല വൈകുണ്ഠപുരമുലൂ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ റീമേക്കാണ്.
മാർവൽ ചിത്രങ്ങളുടെ ആരാധകർക്കും ഇന്ന് ആഘോഷ ദിനമാണ്. മാർവൽ സിനിമാറ്റിക്ക് യൂണിവേഴ്‌സിലെ അഞ്ചാം ഘട്ടത്തിലെ ആദ്യ ചിത്രമായ ആന്‍റ് മാൻ ആന്‍റ് ദി വാസ്പ് ക്വാണ്ടം മാനിയ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സ്കോട്ട് ലാംഗും ഹോപ്പ് വാൻ ഡൈനും ആവേശകരമായ ഒരു സാഹസിക യാത്ര ആരംഭിക്കുമ്പോൾ സിനിമ ക്വാണ്ടം മണ്ഡലത്തിലേക്ക് ആഴ്ന്നിറങ്ങുന്നു, വഴിയിൽ പുതിയതും വിചിത്രവുമായ ജീവികളെ കണ്ടുമുട്ടുന്നു. അവരുടെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിക്കുന്ന ഒരു അപ്രതീക്ഷിത സാഹചര്യത്തിലെത്തുമ്പോൾ എന്ത് സംഭവിക്കും എന്നത് കണ്ടറിയാം ഈ ചത്രത്തിലൂടെ.