‘വിക്രം’ സംവിധായകൻ ലോകേഷിന് ആഡംബര കാർ സമ്മാനിച്ച് കമൽ ഹാസൻ…
ഒരിക്കൽ കമൽ ഹാസന്റെ കാറിൽ ആരാധനയോടെ തൊട്ട് മടങ്ങിയ ആരാധകൻ മാത്രമായിരുന്നു ലോകേഷ് കനാഗരാജ്. ഇന്നിപ്പോ സാക്ഷാൽ കമൽ ഹാസനെ നായകനാക്കി വിക്രം എന്ന ചിത്രം ഒരുക്കുകയും തീയേറ്ററുകളിൽ ആരവം സൃഷ്ടിക്കുകയും ചെയ്ത സൂപ്പർഹിറ്റ് സംവിധായകൻ ആണ് ലോകേഷ്. അദ്ദേഹത്തിന് സ്നേഹസമ്മാനവുമായി എത്തിയിരിക്കുക ആണ് ആണ്ടവർ കമൽ ഹാസൻ.
ലോകേഷിന് ഒരു ആഡംബര കാർ ആണ് കമൽ ഹാസൻ സമ്മാനിച്ചിരിക്കുന്നത്. ഒരിക്കൽ തന്റെ കാറിൽ ആരാധനയോടെ തൊട്ട് മടങ്ങിയ ആ ആരാധകന് സമ്മാനിക്കാൻ ഇതിലും അനുയോജ്യമായ സമ്മാനം വേറെ ഉണ്ടാവില്ല. ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമായ ലെക്സസിന്റെ കാർ ആണ് കമൽ ലോകേഷിന് നൽകിയത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.
അതേസമയം, ലോകേഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വിക്രം ബോക്സ് ഓഫീസിൽ ചരിത്ര വിജയമായി മാറുകയാണ്. കമലിന് ഒപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ എന്നിവർ അണിനിരന്ന ചിത്രത്തിൽ സൂര്യ അതിഥി വേഷത്തിൽ എത്തിയിരുന്നു. അനിരുദ്ധ് രവിചന്ദ്രറിന്റെ സംഗീതം കൊണ്ടും ശ്രദ്ധേയമായിരുന്നു ‘വിക്രം’.