‘കാവൽ’ രണ്ട് കാലഘട്ടത്തിലെ കഥ, പല ജോണറുകളുടെ മിക്സ്; സംവിധായകൻ പറയുന്നു…

വരനെ ആവശ്യമുണ്ട് എന്ന ഹിറ്റ് ചിത്രത്തിലൂടെ സുരേഷ് ഗോപി തിരിച്ചുവരവ് നടത്തിയെങ്കിലും പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത് അവരുടെ പഴയ ആക്ഷൻ സൂപ്പർഹീറോയെ ആണ്. പുതിയ ചിത്രം കാവലിലേക്ക് ഉള്ള പ്രതീക്ഷയും അതാണ്.
നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ഏത് ജോണറിൽ ഉള്ളത് ആണെന്ന് പ്രേക്ഷകർക്ക് ഒരു സംശയം ഉണ്ടായേക്കാം. പ്രത്യേകിച്ചു ഒരു ജോണറിൽ ഒതുക്കി നിർത്താവുന്ന ഒരു ചിത്രമല്ല ഇതെന്ന് നിതിൻ അഭിപ്രായപ്പെടുന്നു. രണ്ട് കാലഘട്ടത്തിന്റെ കഥകൾ ചിത്രം പറയുന്നുണ്ട് എന്നും നിതിൻ വ്യക്തമാക്കുന്നു.

“ഒരു ജോണറിൽ കാവലിനെ ഫിക്സ് ചെയ്യാൻ പറ്റില്ല. ഡ്രാമ സ്വാഭാവമുള്ള സിനിമ എന്ന് പറയാം. ആക്ഷൻ മൂഡ് അണ്ടർലൈൻ ചെയ്യുന്ന ഡ്രാമ സിനിമ എന്ന് പറയാം. ഡ്രാമ ത്രില്ലർ എന്നും പറയാം. ഇത്തരത്തിൽ പ്രത്യേകിച്ചു ഒരു ജോണറിൽ ചിത്രത്തിനെ ഫിക്സ് ചെയ്യാൻ പറ്റില്ല. അത്തരത്തിൽ ആണ് ഇതിന്റെ സ്ക്രിപ്റ്റ്. ഔട്ട് വന്നിട്ടുള്ളതും അത്തരത്തിൽ ആണ്.” മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് നിതിൻ ഇക്കാര്യം പറഞ്ഞത്.
നിതിൻ ഒരുക്കിയ ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ പിതാവ് രഞ്ജി പണിക്കരും സുരേഷ് ഗോപിയ്ക്ക് ഒപ്പം ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സുരേഷ് ഗോപി തമ്പാൻ എന്ന കഥാപത്രത്തെ അവതരിപ്പിക്കുമ്പോൾ ആന്റണി എന്ന കഥാപാത്രത്തെ ആണ് രഞ്ജി പണിക്കർ അവതരിപ്പിക്കുന്നത്.
40 വർഷം ഇടവേളയിൽ രണ്ട് കാലഘട്ടങ്ങളിൽ തമ്പാന്റെയും ആന്റണിയുടെയും ജീവിതത്തിൽ നടക്കുന്ന പ്രധാന സംഭവങ്ങൾ ആണ് ചിത്രം ചർച്ച ചെയ്യുന്നത് എന്ന് നിതിൻ പറഞ്ഞു.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറുകളും ട്രെയിലറുകളും നൽകുന്ന സൂചനയും ചിത്രത്തിന് ഒരു ജോണാർ ചാർത്തി കൊടുക്കാൻ ആവില്ല എന്നാണ്. ആക്ഷൻ രംഗങ്ങൾ കാണാം, ഒപ്പം തന്നെ ഇമോഷണൽ സീനുകൾ നിറയുന്ന ഫാമിലി ഡ്രാമയ്ക്ക് ഉള്ള സീനുകളും കാണാം. പൂർണമായ ഒരു ആക്ഷൻ സിനിമ എന്നതിന് അപ്പുറം ആക്ഷന് പ്രാധാന്യം ഉളള ഡ്രാമ സ്വഭാവം ഉള്ളൊരു ചിത്രം ആകണം പ്രേക്ഷകർ തിയേറ്ററുകളിൽ എത്തുമ്പോൾ പ്രതീക്ഷിക്കേണ്ടത്.
എല്ലാത്തരം പ്രേക്ഷകരെയും ലക്ഷ്യം വെച്ചുള്ള സിനിമ ആയിരിക്കും കാവൽ എന്ന് ചുരുക്കും. ചിത്രം നാളെ (നവംബർ 25ന്) തിയേറ്ററുകളിൽ എത്തും.