“പ്രണയത്തിൻ്റെ കുളിരേകാൻ ജനപ്രിയൻ വീണ്ടും”; ‘തങ്കമണി’ വീഡിയോ ഗാനം കാണാം…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തങ്കമണി. ഉടൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും വലിയ കയ്യടി നേടിയ സംവിധായകൻ രതീഷ് രഘുനന്ദൻ ഒരുക്കിയ ഈ ബിഗ് ബഡ്ജറ്റ് പീരീഡ് ഡ്രാമ, മാർച്ച് ഏഴിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ഒരു ലിറിക്കൽ വീഡിയോ ഗാനം എന്നിവ കഴിഞ്ഞ വർഷം റിലീസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഈ ചിത്രത്തിലെ മനോഹരമായ ഒരു മെലഡി കൂടി റിലീസ് ചെയ്തിരിക്കയാണ്. ദിലീപ്- നീത പിള്ള ജോഡിയുടെ പ്രണയ നിമിഷങ്ങൾ പ്രേക്ഷകരിലെത്തിക്കുന്ന ദൃശ്യങ്ങളോട് കൂടിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വില്യം ഫ്രാൻസിസ് ഈണം പകർന്ന, ‘കാതിലീറൻ’ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് ബി ടി അനിൽകുമാർ, ആലപിച്ചിരിക്കുന്നത് വി ദേവാനന്ദ്, മൃദുല വാര്യർ എന്നിവർ ചേർന്നുമാണ്.
സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ, ദിലീപിനൊപ്പം നീത പിളള, പ്രണിത സുഭാഷ്, അജ്മൽ അമീർ, സുദേവ് നായർ, സിദ്ദീഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ജിബിൻ ജി, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, അംബിക മോഹൻ, സ്മിനു, ജോൺ വിജയ്, സമ്പത്ത് റാം എന്നിവരും വേഷമിട്ടിരിക്കുന്നു.
മനോജ് പിള്ള കാമറ ചലിപ്പിച്ച തങ്കമണി എഡിറ്റ് ചെയ്തിരിക്കുന്നത് ശ്യാം ശശിധരനാണ്. 1980കളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധമായ ഒരു സംഭവത്തെ അധികരിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.