തിയേറ്ററുകൾക്ക് ശേഷം ഒടിടിയിലും തരംഗമാവാൻ ‘ജന ഗണ മന’; സ്ട്രീമിങ്ങ് ആരംഭിച്ചു…

ഈ വര്‍ഷം മികച്ച അഭിപ്രായങ്ങൾ നേടി തീയേറ്ററുകളിൽ വലിയ വിജയമായി മാറിയ പൃഥ്വിരാജ് ചിത്രം ‘ജന ഗണ മന’യുടെ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം ലഭ്യമാകുന്നത്. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ പൃഥ്വിരാജിന് ഒപ്പം സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്ന് 50 കോടിയിലധികം കളക്ഷൻ നേടിയതിന് ശേഷമാണ് ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുന്നത്.
ക്വീൻ, എല്ലാം ശെരിയാക്കും, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആയ ഷാരിസ് മുഹമ്മദ് തിരക്കഥ രചിച്ച ‘ജന ഗണ മന’ ഒരു സോഷ്യൽ പൊളിറ്റിക്കൽ ത്രില്ലറാണ്. തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രത്തിന് പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്തതിന് നിരൂപകരുടെ പ്രശംസകളും തേടിയെത്തി.
ചിത്രത്തിന്റെ താരനിരയിൽ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കൂടാതെ മംമ്ത മോഹൻദാസ്, ശ്രീ ദിവ്യ, വിൻസി അലോഷ്യസ്, ദ്രുവൻ, ശാരി, ഷമ്മി തിലകൻ, തലവരസു തുടങ്ങിയവരാണ് അണിനിരന്നത്. സുധീപ് ഇളമൺ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സരങ് ആണ്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്ന് അനിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.