ബോളിങ്ങ് മികവിൽ പഞ്ചാബിനെ തകർത്ത് ചെന്നൈക്ക് തകർപ്പൻ വിജയം..!
ഐപിഎല്ലിലെ എട്ടാം മത്സരത്തിൽ പഞ്ചാബിന് എതിരെ ചെന്നൈക്ക് തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 7 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. അനായാസമായി ഈ സ്കോര്‍ ൨൬ ബോളുകള്‍ ബാക്കി നില്‍ക്കെ മറികടന്ന് 6 വിക്കറ്റ് വിജയം ചെന്നൈ സ്വന്തമാക്കി.
ചെന്നൈയുടെ ബോളിങ് നിരയുടെ മിന്നും പ്രകടനത്തിൽ പഞ്ചാബിന്റെ ബാറ്റിംഗ് നിര തകരുക ആയിരുന്നു. പഞ്ചാബിന്റെ ബാറ്റിംഗ് നിരയിൽ ഷാരൂഖ് ഖാന് മാത്രം ആണ് മികവ് കാട്ടിയത്. 36 ബോളിൽ 4 ഫോറുകളും 2 സിക്സറുകളും ഉൾപ്പെടെ 47 റൺസ് ആണ് നേടിയത്. ദീപക് ചഹറിന്റെ മികച്ച ബോളിങ് പ്രകടനം ആണ് പഞ്ചാബിനെ തുടക്കത്തിൽ തന്നെ തകർത്തത്. 13 റൺസ് വഴങ്ങി 4 വിക്കറ്റ് ആണ് ദീപക് വീഴ്ത്തിയത്. സാം കരൺ, മോയിൻ അലി, ഡ്വെയ്ൻ ബ്രാവോ എന്നിവർ 1 വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് തുടക്കത്തിൽ തന്നെ രുതുരാജ് ഗെയ്‌ക്വാടിനെ നഷ്ടമായി. ആർഷീദ് സിംഗ് ആണ് ആ വിക്കറ്റ് നേടിയത്. മോയിൻ അലി – ഡുപ്ലെസി കൂട്ടുകെട്ട് മികച്ച ബാറ്റിങ് പുറത്തെടുത്തപ്പോൾ ചെന്നൈ സ്കോർ വളരെ വേഗത്തിൽ തന്നെ ഉയർന്നു വിജയത്തിലേക്ക് അടുത്തു.
എന്നാൽ 13 ആം ഓവറിൽ മോയിൻ അലിയുടെ വിക്കറ്റ് അശ്വിൻ വീഴ്ത്തിയതിന് ശേഷം ചെന്നൈക്ക് തുടരെ തുടരെ വിക്കറ്റ്സ് നഷ്ടമായി. സുരേഷ് റെയ്‌ന, അമ്പാട്ടി റായ്ഡു എന്നിവരുടെ വിക്കറ്റ് മുഹമ്മദ് ഷമി സ്വന്തമാക്കുക ആയിരുന്നു. എന്നിരുന്നാലും വിജയത്തിലേക്ക് അധിക പ്രയത്‌നം ചെന്നൈയ്ക്ക് വേണ്ടിയിരുന്നില്ല. സാം കരൺ ബൗണ്ടറി നേടി വിജയ റൺസ് നേടുമ്പോൾ ഈ സീസണിലെ അവരുടെ ആദ്യ വിജയം ആണ് ചെന്നൈ സ്വന്തമാക്കിയത്.