ചെന്നൈയുടെ വിസിൽ വീണ്ടും മുഴങ്ങി, രാജസ്ഥാൻ കീഴടങ്ങി..!
ഐപിഎല്ലിലെ പന്ത്രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 45 റൺസ് വിജയം. 189 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് 143 റൺസ് എടുക്കാനെ കഴുഞ്ഞുള്ളൂ.
9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് ആണ് ചെന്നൈ നേടിയത്. വിക്കറ്റ് നഷ്ടപ്പെടുമ്പോളും റൺസ് നേടുന്നതിൽ ചെന്നൈ പിശുക് കാണിക്കാതെ ഇരുന്നതിനാൽ ആണ് ഈ സ്കോറിലേക്ക് എത്താൻ അവർക്ക് കഴിഞ്ഞത്. 20 ബോളിൽ കൂടുതൽ ഒരു ബാറ്റ്സ്മാനും ക്രീസിൽ തുടർന്നില്ല എന്നത് ശ്രദ്ധേയം. 17 ബോളിൽ 4 ഫോർസ് 2 സിക്സുകളും ഉൾപ്പെടെ 33 റൺസ് നേടിയ ഫാഫ് ഡുപ്ലസി ആണ് ചെന്നൈ ബാറ്റിംഗ് നിരയിൽ മുന്നിട്ട് നിന്നത്. 3 സിക്സുകളുമായി 17 ബോളിൽ നിന്ന് 27 റൺസ് അമ്പാട്ടി റായ്ഡു നേടി. രാജസ്ഥാന് വേണ്ടി ചേതൻ സക്കറിയ 3 വിക്കറ്റ് നേടി. ക്രിസ് മോറിസ് 2 വിക്കറ്റ്. രാഹുൽ തിവാട്ടിയ, മുസ്താഫിസുർ റഹ്മാൻ എന്നിവർ 1 വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് 6 ഓവർ പിന്നിടുന്നത് മുൻപ് തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. സാം കരൺ ആണ് വിക്കറ്റുകൾ വീഴ്ത്തിയത്. തുടർച്ചായി രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ നിരാശപ്പെടുത്തി. ജോസ് ബട്ട്ലർ ഒരുക്കിയ ബാറ്റിംഗ് വിരുന്നിൽ ആയിരുന്നു രാജസ്ഥാന്റെ വിജയ പ്രതീക്ഷ. എന്നാൽ 12ആം ഓവറിൽ ബട്ട്ലറിന്റെ വിക്കറ്റ് നഷ്ടമായതോടെ രാജസ്ഥാന്റെ തകർച്ച ആരംഭിച്ചു. രവീന്ദ്ര ജഡേജ ആണ് നിർണായക വിക്കറ്റ് എടുത്തത്. അതേ ഓവറിൽ ശിവം ഡ്യൂബിനെയും ജഡേജ മടക്കി അയച്ചു. 35 ബോളിൽ 5 ഫോർസും 2 സിക്‌സും അടക്കം 49 റൺസ് ആണ് ബട്ട്ലർ നേടിയത്.
ശേഷം മോയിൻ അലിയുടെ ഓവർ ചെന്നൈയുടെ വിജയം ഉറപ്പിക്കുക ആയിരുന്നു. ആദ്യ ഓവറില്‍ ഡേവിഡ് മില്ലറിന്‍റെയും രണ്ടാം ഓവറില്‍ ക്രിസ് മോറിസ്, റിയാൻ പരാഗ് തുടങ്ങിയവരുടെ വിക്കറ്റുകളും അലി വീഴ്ത്തി. വെറും 7 റണ്‍സ് വഴങ്ങി 3 വിക്കറ്റ്സ് നേടി ഈ മാച്ചിലെ ഗെയിം ചേഞ്ചര്‍ മോയിന്‍ അലി ആണ്. ജഡേജയുടെ മിന്നും ഫീൽഡിങ് 4 ക്യാച്ചുകൾ നേടി വിസ്മയിപ്പിക്കുന്നതിനൊപ്പം റൺസ് സേവ് ചെയ്യുന്നതിലും മികച്ചു നിന്നു.
9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സിന് രാജസ്ഥാന്‍ ഇന്നിങ്ങ്സ് അവസാനിക്കുമ്പോള്‍ ചെന്നൈ സ്വന്തം ആക്കുന്നത് പൂര്‍ണമായ ആധിപത്യത്തോടെയുള്ള മറ്റൊരു വിജയം. ഈ സീസണിലെ അവരുടെ രണ്ടാം വിജയം കൂടി ആണ് ഇത്.