ആ മോഹൻലാൽ ചിത്രങ്ങളോടുള്ള പ്രത്യേക ഇഷ്ടം ഒരിക്കൽ കൂടി വെളിപ്പെടുത്തി രാജമൗലി…
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനോടുള്ള ആരാധന പല തവണ തുറന്ന് പറഞ്ഞിട്ടുളള സംവിധായകനാണ് എസ് എസ് രാജമൗലി. മോഹൻലാൽ ചിത്രങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കാറുണ്ട്. മുൻപ് പ്രൈം വീഡിയോയിൽ ദൃശ്യം 2 റിലീസ് ആയപ്പോൾ ചിത്രത്തെ അഭിനന്ദിച്ചു അതിന്റെ സംവിധായകൻ ജീത്തു ജോസഫിന് അദ്ദേഹം സന്ദേശം അയച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ജീത്തു ആ സന്ദേശം പങ്കുവെക്കുകയും വൈറലാകുകയും ചെയ്തിരുന്നു.
ഇപ്പോളിതാ വീണ്ടും മോഹൻലാലിന്റെ ദൃശ്യം സീരീസിനെ കുറിച്ചു അദ്ദേഹം സംസാരിക്കുക ഉണ്ടായി. രാജമൗലിയുടെ പുതിയ ചിത്രമായ ആർആർആറിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം സംസാരിച്ചത്. അടുത്ത കാലത്ത് കണ്ട ചിത്രങ്ങളിൽ സംവിധാനം ചെയ്യാൻ തോന്നിയ ചിത്രം ഏതെന്ന ചോദ്യത്തിന് മറുപടി ആയാണ് ദൃശ്യം സീരീസ് ചിത്രങ്ങളെ കുറിച്ചു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ:
“ദൃശ്യം ഒന്നും രണ്ടും ഭാഗങ്ങൾ കണ്ടപ്പോൾ എനിക്ക് അത് സംവിധാനം ചെയ്താൽ കൊള്ളാമെന്ന് ശരിക്കും ആഗ്രഹമുണ്ടായി. പ്രത്യേകിച്ച് അതിന്റെ എഴുത്തിൽ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഒന്നാം ഭാഗം തന്നെ മികച്ചതായിരുന്നു, രണ്ട് അതിലും ത്രില്ലിംഗ് ആയിരുന്നു. അത്തരത്തിലുള്ള ഇന്റലിജന്‍സും ഇമോഷന്‍സും സിംപ്ലിസിറ്റിയും ഒക്കെ ആ സിനിമയിൽ കാണാം. നിങ്ങളെ എല്ലാവിധത്തിലും പിടിച്ചിരുത്തുന്ന ഒരു സിനിമ. അത് വളരെ മികച്ചതായിരുന്നു.”
അതേസമയം, ഈ വെള്ളിയാഴ്ച (മാർച്ച് 25) തീയേറ്ററുകളിൽ എത്തിയ രാജമൗലിയുടെ പുതിയ ചിത്രം ‘ആർആർആർ’ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് വരവ് അറിയിച്ചിരിക്കുക ആണ്. ആദ്യ ദിനം ചിത്രം 223 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ ആയി നേടിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ആർആർആർ റിവ്യൂ വായിക്കാം.