വെല്ലുവിളി ഏറ്റെടുത്ത് ‘ഹൃദയം’; കേരളത്തിലെ 450+ സ്ക്രീനുകളിൽ നാളെ റിലീസ്…
കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നതിനാൽ നാളെ റിലീസ് ചെയ്യാൻ ഇരിക്കുന്ന ‘ഹൃദയം’ സിനിമയുടെ റിലീസ് മാറ്റി എന്ന് വാർത്തകൾ പരന്നിരുന്നു. എന്നാൽ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല എന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ഹൃദയത്തിന്റെ റിലീസ് നാളെ തന്നെ ഉണ്ടാവും എന്ന് അറിയിച്ചു സംവിധായകൻ വിനീത് ശ്രീനിവാസനും നിർമ്മാതാവ് വിശാഖ് സുബ്രമണ്യവും സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചു. 450ൽ അധികം സ്ക്രീനുകളിൽ ആണ് കേരളത്തിൽ ചിത്രം പ്രദർശനത്തിന് എത്തുന്നത്.
കുറിപ്പ് ഇങ്ങനെ:
“സൺഡേ ലോക്ക്ഡൌൺ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയിൽ വാർത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങൾ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കാണാൻ കാത്തിരിക്കന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപൂർവം സിനിമ കാണാൻ വരൂ. നാളെ തീയേറ്ററിൽ കാണാം.”
പ്രണവ് മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിന്റെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ ലഭിക്കുന്നത്. ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനും ആണ് ചിത്രത്തിലെ നായികമാർ.