പ്രേക്ഷകർ കാത്തിരുന്ന ‘ഹൃദയ’ത്തിലെ വീഡിയോ ഗാനം പുറത്ത്…
വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ കൂട്ട്കെട്ട് ഒന്നിച്ച ഹൃദയം സിനിമയിലെ മറ്റൊരു വീഡിയോ ഗാനവും അണിയറപ്രവർത്തകർ പുറത്തുവിട്ടു. പുതിയൊരു ലോകം എന്ന ഗാനം ആണ് ഇന്ന് റിലീസ് ആയത്. തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനൽ വഴി ആയിരുന്നു റിലീസ്.
പ്രേക്ഷകർ വളരെയധികം കാത്തിരുന്ന ഒരു ഗാനം ആണിത്. ഹിഷാം അബ്‌ദുൾ വാഹബ് സംഗീതം ഒരുക്കിയ ഈ ഗാനം വിമൽ റോയ്യും ഭദ്ര രാജിനും ചേർന്നാണ് ആലപിച്ചത്. കൈതപ്രം ആണ് ഗാനം രചിച്ചത്. വീഡിയോ ഗാനം കാണാം:
ഹൃദയം സിനിമയിലെ രണ്ടാം ചാപ്റ്ററിന്റെ എന്ററി സോങ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗാനത്തിന് നിരവധി ആരാധകർ ഉണ്ട്. പ്രണവ് മോഹൻലാലിന്റെ യഥാർത്ഥ ജീവിതവുമായി ചേർന്ന് നിൽക്കുന്ന ഗാനവും ദൃശ്യങ്ങളും ആണിത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
അതേ സമയം, ഹൃദയം തീയേറ്ററുകളിൽ മികച്ച രീതിയിൽ മുന്നേറുക ആണ്. വർദ്ധിച്ചു വരുന്ന കോവിഡ് കേസുകൾ കാരണം അഞ്ച് ജില്ലകളിൽ തീയേറ്ററുകൾ അടച്ചു എങ്കിലും ബാക്കി എല്ലായിടത്തും ഹൃദയത്തിന് വിസ്മയിപ്പിക്കുന്ന രീതിയിലുള്ള ബോക്സ് ഓഫീസ് റൺ ആണ് ലഭിക്കുന്നത്. വിശാഖ് സുബ്രമണ്യം നിർമ്മിച്ച ഈ ചിത്രത്തിൽ നായികമാർ ആയി എത്തിയത് ദർശൻ രാജേന്ദ്രനും കല്യാണി പ്രിയദർശനും ആണ്.